കൊട്ടിയൂര്‍ പീഡനക്കേസ്; റോബിന് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും; കൂറ് മാറിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ നടപടി

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിന്‍ വടക്കുംഞ്ചേരിക്ക് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും.

മൂന്നു വകുപ്പുകളിലായി 60 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചതെങ്കിലും ശിക്ഷ 20 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍മതി.

തലശ്ശേരി പോക്സോ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രതികളായ ഫാ. തോമസ് തേരകം, സിസ്റ്റര്‍മാരായ ഡോ. ഒഫിലിയ, ബെറ്റി, ടെസി, പള്ളി ജീവനക്കാരിയായ തങ്കമ്മ എന്നിവരെ കോടതി വെറുതെവിട്ടു.

കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്ന് വിശദീകണം തേടാനും കോടതി നിര്‍ദേശിച്ചു. വിശദീകണം തൃപ്തികരമല്ലെങ്കില്‍ ഇവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. കണ്ണൂര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശം നല്‍കി.

പള്ളിമേടയില്‍ കംപ്യൂട്ടര്‍ പരിശീലനത്തിനെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലാണ് ഫാ. റോബിന്‍ വടക്കുംഞ്ചേരിക്ക് ശിക്ഷ വിധിച്ചത്.

2017 ഫെബ്രുവരി 26ന് സംഭവം പുറത്തുവന്നതോടെ മുഖ്യ പ്രതി ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരി മുങ്ങി. കാനഡയിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിച്ച ഇയാളെ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ബന്ധപ്പെട്ടവരെ അറിയിക്കാതെ മറച്ചുവച്ചതിന് കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റര്‍ക്കും ഡോക്ടര്‍മാര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തി അവരെയും കൂട്ടുപ്രതികളാക്കി.

നവജാതശിശുവിനെ മണിക്കൂറുകള്‍ക്കകം അമ്മയില്‍നിന്ന് വേര്‍പെടുത്തി അനാഥമന്ദിരത്തിലേക്ക് കടത്തിയതിന് കന്യാസ്ത്രീകളും പിഞ്ചു കുഞ്ഞിനെ അനാഥാലയത്തില്‍ പ്രവേശിപ്പിച്ച് അക്കാര്യം സ്വകാര്യമാക്കിയതിന് സ്ഥാപനം നടത്തിപ്പ് ചുമതലയുള്ള ചൈല്‍ഡ് ലൈന്‍ മേധാവിയും സഹായിയും പ്രതിപ്പട്ടികയിലായി.

കേസില്‍ ആറു പ്രതികളെ കോടതി വെറുതെവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here