മുഖ്യമന്ത്രി പിണറായി ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു; സ്റ്റേഷനിലെ കിയോസ്‌കുകളില്‍ മലയാളം ഭാഷ ഉള്‍പ്പെടുത്താന്‍ ദുബായ് പൊലീസ് തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ജുമൈറയിലെ സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു.

ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ്. മേജര്‍ ജനറല്‍ അബ്ദുള്ള ഖലിഫ ഒബൈദ് അല്‍ മാരിയുടെ ക്ഷണപ്രകാരമാണ് പിണറായി വിജയന്‍ സ്മാര്‍ട്ട് പോലീസ്റ്റേഷന്‍ സന്ദര്‍ശിച്ചത്.

സ്മാര്‍ട്ട് സ്റ്റേഷനിലെ കിയോസ്‌കുകളില്‍ മലയാളം ഭാഷ ഉള്‍പ്പെടുത്താന്‍ ദുബായ് പൊലീസ് തീരുമാനിക്കുകയും ചെയ്തു. സ്മാര്‍ട്ട് സ്റ്റേഷനിലെ കിയോസ്‌കിലെ ആദ്യത്തെ ഇന്ത്യന്‍ ഭാഷയാണ് മലയാളം.

നോര്‍ക്ക വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ്. മേജര്‍ ജനറല്‍ അബ്ദുള്ള ഖലിഫ ഒബൈദ് അല്‍ മാരിദുബായ് പോലീസ് ബ്രിഗേഡിയര്‍ അബ്ദുള്ള ഖാദിം, കേണല്‍ ഹുസൈന്‍ ബിന്‍ ഖലിറ്റ, മേജര്‍ അഹമ്മദ് ബിന്‍ ഫഹദ് എന്നിവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

പൊലീസ് സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പോലീസ് സ്റ്റേഷന്‍ ആണ് ദുബായ് ജുമൈരയിലെത്. സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ദുബായ് പോലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് വിവരിച്ചു കൊടുത്തു. സ്മാര്‍ട്ട് പോലീസ് സ്റ്റേഷനിലെ സംവിധാനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച പിണറായി വിജയന്‍ ഈ സേവനങ്ങള്‍ മാതൃകാപരമാണെന്ന് പറഞ്ഞു.

മനുഷ്യസാന്നിധ്യമില്ലാതെ പൂര്‍ണ്ണമായും, ഓട്ടോമേഷന്‍ സംവിധാനത്തിലാണ് ഈ സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ദുബായ് പോലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. പോലീസ് കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ ബോധിപ്പിക്കാനും ഏത് പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനും തീര്‍പ്പു കല്പിക്കാനും സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ മുഖേന സാധിക്കും.

ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ സംവിധാനങ്ങളോടെയാണ് ഈ പോലീസ് സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ഇവിടെ എത്തുന്നവര്‍ക്ക് സിനിമ കാണാനും ട്രെഡ് മില്ലില്‍ പരിശീലനം നടത്താനും സൗജന്യമായി ചായകുടിക്കാനും അധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

യുഎഇയിലെ താമസക്കാര്‍ക്ക് മാത്രമല്ല ഈ രാജ്യത്ത് എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് പരാതി നല്‍കാനും ഇവിടെ സംവിധാനമുണ്ട്. ദുബായ് ജുമൈറയില്‍ ആരംഭിച്ച സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഇതിനകംതന്നെ ലോകശ്രദ്ധ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News