കൊച്ചി ഇനി കൂകിപ്പായും.. സഞ്ചാരികളെ ഇതിലേ ഇതിലേ..

കൊച്ചിയിലെത്തിയാല്‍ ഇനിമുതല്‍ കൂകിപ്പായുന്ന ആവി എന്‍ജിന്‍ തീവണ്ടിയില്‍ യാത്ര നടത്താം.

ലോകത്തിലെ തന്നെ ഏറ്റവും പ‍ഴക്കമേറിയ കല്‍ക്കരി തീവണ്ടിയാണ് വിനോദസഞ്ചാരികള്‍ക്കായി സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്.

പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സര്‍വ്വീസിനോട് ആദ്യദിനം തന്നെ വലിയ പ്രതികരണമാണ് ഉണ്ടായത്.

സിനിമകളില്‍ മാത്രം കണ്ട് പരിചയമുളള കല്‍ക്കരി ട്രെയ്നില്‍ യാത്ര നടത്തണമെങ്കില്‍ ഇനി കൊച്ചിയിലെത്തിയാല്‍ മതി.

ആവി എന്‍ജിനില്‍ ഓടുന്ന 164 വര്‍ഷം പ‍ഴക്കമുളള തീവണ്ടിയില്‍ എറണാകുളം സൗത്തില്‍ നിന്നും ഹാര്‍ബര്‍ ടെര്‍മിനസിലേക്ക് കൗതുകരമായ യാത്ര നടത്താം.

ലോകത്തിലെ ഏറ്റവും പ‍ഴക്കം ചെന്ന ഇഐആര്‍ 21 എന്ന കല്‍ക്കരി തീവണ്ടിയാണ് കൊച്ചിയില്‍ സര്‍വ്വീസ് ആരംഭിച്ചിരിക്കുന്നത്.

പൈതൃക തീവണ്ടിയുടെ ആദ്യസര്‍വ്വീസിനെത്തിയ വിനോദസഞ്ചാരികള്‍ക്ക് ഇത് ചരിത്രാനുഭവമായി.

നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമായിരിക്കും സര്‍വ്വീസ്. എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റെടുക്കാം.

വിദേശികള്‍ക്ക് ആയിരവും ഇന്ത്യക്കാര്‍ക്ക് 500ഉം കുട്ടികള്‍ക്ക് 300 രൂപയുമാണ് നിരക്ക്. യാത്രാനിരക്ക് അല്‍പ്പം കൂടുതലാണെന്ന പരാതിയും ഉണ്ട്.

ഒരു എന്‍ജിനും ഒരു എസി കംപാര്‍ട്ട്മെന്‍റുമുളള തീവണ്ടിയില്‍ ഒരേ സമയം 40 പേര്‍ക്ക് യാത്ര ചെയ്യാം.

55 വര്‍ഷത്തോളം സര്‍വ്വീസ് നടത്തിയ ഈ മുതുമുത്തശ്ശന്‍ ഒരു നൂറ്റാണ്ടോളം മ്യൂസിയത്തില്‍ കിടന്ന ശേഷമാണ് അറബിക്കടലിന്‍റെ റാണിക്ക് മുകളിലൂടെ ഇപ്പോള്‍ ഗതകാല പ്രൗഢിയോടെ കൂകിപ്പായുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here