നഗരങ്ങളിലെ രാത്രികള്‍ക്ക് പ്രത്യേക സൗന്ദര്യമാണ്. ധാക്കയിലെ തെരുവുകള്‍ നിയോണ്‍ വെളിച്ചത്തില്‍ പ്രകാശിക്കുന്നുണ്ട്. ഉഷ്ണകാലത്തിലേക്കുള്ള പ്രയാണമാണ്. എങ്ങും ആള്‍ക്കൂട്ടവും ആരവങ്ങളും. വലിയ വാഹനങ്ങള്‍ മുതല്‍ ഇരുചക്രവാഹനങ്ങളും റിക്ഷകളും ചേര്‍ന്ന് രാജപാതകളെ വീര്‍പ്പുമുട്ടിക്കുന്നു.

മരണത്തിനും ജീവിതത്തിനും ഇടയിലെ നേര്‍ത്ത മര്‍മ്മരങ്ങളുമായി ഇടയ്ക്കിടയ്ക്ക് ആംബുലന്‍സുകള്‍ പായുന്നുണ്ട്. ലോകത്തില്‍ ഏറ്റവുമധികം സൈക്കിള്‍ റിക്ഷകളുള്ള നഗരങ്ങളിലൊന്നാണ് ധാക്ക. ബംഗ്ലാദേശിന്റെ തലസ്ഥാനം. ത്രിപുര, ആസാം, പശ്ചിമബംഗാള്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു.

സംസ്‌കാരം, കല, സാഹിത്യം, ഭാഷ എന്നിവയിലെല്ലാം പശ്ചിമബംഗാള്‍ ജനതയുടെ രീതികള്‍ തന്നെ. കല്‍ക്കട്ടയില്‍ നിന്ന് ധാക്കയിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ഉണ്ട്. മൈത്രി എക്‌സ്പ്രസ്. രണ്ട് രാജ്യങ്ങളെ സ്പര്‍ശിച്ച് കടന്നുപോകുന്ന തീവണ്ടിയാത്ര ആഗ്രഹിച്ചതാണ്. പക്ഷേ ട്രെയിന്‍ യാത്രയ്ക്ക് അവസരം ലഭിച്ചില്ല.

എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങി നഗരത്തിലെ ചെറിയൊരു ഹോട്ടലില്‍ ചെന്നു. ചോറും കറികളും വിളമ്പുന്നത് കണ്ട് വെയിറ്ററോട് ആംഗ്യം കാണിച്ചു. വിശപ്പുമാറുവോളം കഴിച്ചു. കൈയ്യിലെ വലിയ ബാഗും എന്റെ ചെറിയ താടിയും ക്ഷീണിച്ച മുഖവും ഓവര്‍ കോട്ടും കണ്ട് പലരും ശ്രദ്ധിക്കുന്നു. പണം കൊടുത്ത ശേഷം കൗണ്ടര്‍ വിടുമ്പോള്‍ ഒരാള്‍ അടുത്തേക്ക് വന്നു. അഫ്ഗാനിയാണോ? അല്ല. ഇന്ത്യാക്കാരനാണ്. മറുപടി കേട്ടയുടന്‍ ബഹുമാനപൂര്‍വ്വം അഭിവാദ്യം ചെയ്തു. ഈ രാത്രിയില്‍, ഹോട്ടലിലെ തൊഴിലാളികളുടെ പെരുമാറ്റത്തില്‍ നിന്ന് (പിന്നീട് പലപ്പോഴും) ഇന്ത്യാക്കാരോടുള്ള ബംഗ്ലാദേശികളുടെ സ്‌നേഹം വ്യക്തമാവുന്നു. രക്തസാഹോദര്യമെന്നല്ലാതെ മറ്റെന്ത് പേരാണ് അതിന് നല്‍കുക?

2016 ഫെബ്രുവരിയില്‍ ‘ഇതിഹാസ് അക്കാദമി ‘ സംഘടിപ്പിച്ച ചരിത്ര പൈതൃക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ധാക്കയിലെത്തിയത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഒന്നായിക്കിടന്ന ആ പഴയ ‘ഇന്ത്യ’യിലാണ് ഇന്നത്തെ പാക്കിസ്ഥാനും ബംഗ്ലാദേശും. മതരാഷ്ട്രവാദവും ബ്രട്ടീഷുകാരുടെ കൗശലവുമൊക്കെ ചേര്‍ന്ന് ഇന്ത്യയെ വിഭജിച്ചു. പാക്കിസ്ഥാന്‍ പിന്നെയും വിഭജിക്കപ്പെട്ടു. ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രം പിറവികൊണ്ടു. അവിടുത്തെ പ്രധാനപ്പെട്ട നഗരിയിലൂടെയാണ് സഞ്ചാരം.

തൊട്ടടുത്ത ദിവസം സെമിനാര്‍ തുടങ്ങി. ബംഗ്ലാദേശ് മന്ത്രിമാരുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. അയല്‍രാജ്യങ്ങളില്‍ നിന്ന് പല പ്രതിനിധികളുമെത്തി. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങി. ധാക്ക, അതിവിസ്തൃതമായ പ്രദേശമാണ്. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതാണ്. ഭരണകാര്യങ്ങള്‍, വ്യവസായം എന്നീ മേഖലകളില്‍ നിരവധി സ്ഥാപനങ്ങളുമുണ്ട്. മഹാകാളി ദേവി ഈ പ്രദേശത്ത് താമസിച്ചിരുന്നതായും ഇടയ്ക്ക വാദ്യനാദം (ഢക്ക) കേള്‍ക്കാന്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചതായും കഥകളുണ്ട്.

പ്രദേശത്തെ ക്ഷേത്രത്തില്‍ നിന്ന് തുടര്‍ച്ചയായി ഇടയ്ക്കനാദം അലയടിക്കുമായിരുന്നു – അതുകൊണ്ടാണ് ‘DHAKKA ‘ എന്ന പേരുവന്നത് എന്ന് വിശ്വസിക്കുന്നവരുണ്ട്. ചേരികള്‍, ഇടുങ്ങിയ വഴികള്‍, അമ്പലങ്ങള്‍, പള്ളികള്‍ എല്ലാം നിറഞ്ഞ നഗരം. മുഗള്‍ ശില്‍പകലയുടെ അനേകം പ്രതീകങ്ങള്‍ ഇവിടെയുണ്ട്.
ബംഗ്ലാദേശ് ജനതയെ സംബന്ധിച്ച് ദേശീയ പ്രാധാന്യമുള്ള ദിവസമാണ് ഫെബ്രുവരി 21. അതിനായി നഗരം ഒരുങ്ങിക്കഴിഞ്ഞു. ധാക്ക യൂണിവേഴ്‌സിറ്റിയിലെ ശഹീദ് മിനാറിലേക്ക് (രക്തസാക്ഷി സ്മാരകം) പതിനായിരക്കണക്കിന് പേര്‍ ഒഴുകിയെത്തുന്ന ദിവസം. പ്രദേശം മുഴുവന്‍ സുരക്ഷാ സൈനികരുണ്ട്. വലിയ ബാനറുകള്‍, കൊടിതോരണങ്ങള്‍ നഗരത്തെ പൊതിഞ്ഞിരിക്കുന്നു. തൊട്ടടുത്ത ദിവസമാണ് പരിപാടികള്‍.


ഫെബ്രുവരി 21ന് അതിരാവിലെ എഴുന്നേറ്റു. ബസില്‍കയറി യൂണിവേഴ്‌സിറ്റിയ്ക്ക് മുന്നില്‍ ഇറങ്ങി. കൂട്ടം കൂട്ടമായി ആളുകളെത്തുന്നു. കുട്ടികള്‍, മുതിര്‍ന്നവര്‍, സ്ത്രീകള്‍, യുവതീ-യുവാക്കള്‍, വൃദ്ധര്‍ തുടങ്ങി എല്ലാവരുമുണ്ട്. വ്യത്യസ്ത സംഘടനകള്‍, പതാകകള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ അന്തരീക്ഷത്തെ വികാര തീവ്രമാക്കുന്നു. കാമ്പസിന്റെ കവാടം പിന്നിട്ടാല്‍ പഠന വകുപ്പുകള്‍, പാര്‍ക്കുകള്‍, കോഫീ ഷോപ്പുകള്‍, ലൈബ്രറി തുടങ്ങി നിരവധി കെട്ടിടങ്ങളാണ്. ശഹീദ് മിനാറിലേക്കുള്ള വഴികള്‍ നിറഞ്ഞിരിക്കുന്നു.

ഈ ദിനത്തെപ്പറ്റി പ്രശസ്ത കവി അബ്ദുള്‍ ഗഫര്‍ ചൗധരിയുടെ ഒരു കവിത വായിച്ചത് ഓര്‍ക്കുന്നു. ചെവികളില്‍ നിന്ന് ചെവികളിലേക്ക് കൊടുങ്കാറ്റ് പോലെ ആഞ്ഞുപതിക്കുന്ന കവിത. ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരുമിച്ച് വിളിക്കുന്ന മുദ്രാവാക്യം പോലെ ദൃഢമാണ് അതിലെ വരികള്‍. ‘എന്റെ സഹോദരങ്ങളുടെ രക്തം ചിന്തിയ ഫെബ്രുവരി 21 ‘ എന്നാണ് കവിതയുടെ പേര്. ഭാഷാ സമരത്തില്‍ രക്തസാക്ഷികളായവരോടുള്ള ആദരവ് അതിലുണ്ട്.

അനീതികള്‍ക്കെതിരെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുകയാണ് കവി. സഹോദര സ്‌നേഹത്തിന്റെ ചുവപ്പില്‍ കുളിച്ച ദിനമെന്നാണ് ഫെബ്രുവരി 21 നെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. മക്കളെ നഷ്ടപ്പെട്ട നൂറുകണക്കിന് അമ്മമാരുടെ കണ്ണീരുപുരണ്ട ദിനം. നിഷ്‌ക്കളങ്ക യുവതയെ കാരാഗൃഹത്തിലടച്ച സ്വേച്ഛാധിപത്യത്തെ പിഴുതെറിയാനുള്ള ആഹ്വാനം. രക്തസാക്ഷികളുടെ ശബ്ദം ജനരോഷമായി പ്രതിഫലിക്കുമെന്ന് കവി പ്രത്യാശിക്കുന്നു.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, ജനനേതാക്കള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ സ്മാരകത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് കടന്നുപോയി. സംഘം ചേര്‍ന്ന് പാട്ട് പാടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു. മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ അതിര്‍ത്തികളില്ലാതെ, തങ്ങളുടെ അമ്മ ഭാഷയായ ബംഗാളിയെ മാറോടു ചേര്‍ത്തുപിടിക്കുമെന്ന് പ്രഖ്യാപിക്കുകയാണ്. സൈനികരുടെയും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പ്രകടനങ്ങള്‍. എല്ലാം നമ്മുടെ റിപ്പബ്ലിക് ദിനപരേഡിനെ ഓര്‍മ്മിപ്പിക്കുന്നു. സ്മാരകത്തിന്റെ 200 മീറ്റര്‍ ദൂരെ വെച്ച് സുരക്ഷാ സൈനികര്‍ തടഞ്ഞു.

നമ്മുടെ എന്‍സിസി കേഡറ്റുമാരെപ്പോലെ പരിശീലനം സിദ്ധിച്ച സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ നിലയുറപ്പിച്ചിട്ടുണ്ട്. സ്മാരകം കാണാന്‍ ഇന്ത്യയില്‍ നിന്നുവന്ന ആളാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ സ്‌നേഹനിധിയായ ഒരു വിദ്യാര്‍ത്ഥി സൗകര്യം ചെയ്തുതന്നു. സ്മാരകത്തിന് മുന്നില്‍ കൈയ്യില്‍ കരുതിയ റീത്ത് സമര്‍പ്പിച്ചു. ഈ ദിനാചരണത്തിന് പിന്നില്‍ വലിയൊരു ചരിത്രമുണ്ട്.

കിഴക്കന്‍ പാക്കിസ്ഥാനില്‍ (ഇന്ന് ബംഗ്ലാദേശ്) നടന്ന ഭാഷാ സമരങ്ങളുടെ ഏറ്റവും തീക്ഷ്ണമായ ഒരദ്ധ്യായമാണ് ഫെബ്രുവരി 21. പാക്കിസ്ഥാന്‍ സൈന്യത്തിനെതിരെ പൊരുതി മുന്നേറിയ ഒരു ജനതയുടെ ആത്മവീര്യം ഈ സ്മാരകങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും ദിശയിലാണ് പുതിയ രാഷ്ട്രം പിറവികൊണ്ടത്.

ബംഗാളിലെ കിഴക്കന്‍ പ്രദേശങ്ങളും പാക്കിസ്ഥാന് നല്‍കി. ഔദ്യോഗിക തലസ്ഥാനമായ കറാച്ചിയില്‍ നിന്ന് കിഴക്കന്‍ മേഖലയിലേക്ക് 1600 കി.മീ ദൂരം. ഭാഷ, സംസ്‌കാരം, ജീവിതരീതികള്‍ തുടങ്ങിയ കാര്യങ്ങളില്‍ കിഴക്കും പടിഞ്ഞാറും തമ്മില്‍ വലിയ വ്യത്യാസം നിലനിന്നു. സര്‍വ്വ അധികാരങ്ങളുടെയും കേന്ദ്രം പടിഞ്ഞാറന്‍ മേഖലയായിരുന്നു. പാക്കിസ്ഥാന്റെ ഔദ്യോഗിക ദേശീയ ഭാഷയായി ഉറുദു അംഗീകരിക്കപ്പെട്ടതോടെ, ബംഗാളി സംസാരിക്കുന്ന ജനത ഉണര്‍ന്നെഴുന്നേറ്റു.

ശക്തമായ ഭാഷാ സമരങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു. ബംഗാളിഭാഷയ്ക്ക് ഔദ്യോഗികപദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം ശക്തിപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തു തന്നെ ബംഗാളിയുടെ സവിശേഷപ്രാധാന്യം ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്കും ബോധ്യപ്പെട്ടിരുന്നു.

പാക്കിസ്ഥാന്‍ രൂപീകരിച്ച് ഒരുവര്‍ഷം കഴിയുമ്പോള്‍ തന്നെ ബംഗാളി ഭാഷയ്ക്ക് വേണ്ടി കലാലയ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം തുടങ്ങി. വിദ്യാഭ്യാസ-തൊഴില്‍ രംഗത്തുനിന്ന് മാതൃഭാഷ അവഗണിക്കപ്പെട്ടത് അവരെ രോഷാകുലരാക്കി. പ്രധാനസമര കേന്ദ്രം ധാക്ക സര്‍വ്വകലാശാലയായിരുന്നു. രാജ്യത്ത് ഉറുദു ഭാഷ മാത്രം മതിയെന്ന ധിക്കാരപരമായ നിലപാട് പാക്കിസ്ഥാന്‍ സ്വീകരിച്ചു. സാംസ്‌കാരികമായ അധിനിവേശം നടത്തി ഒരു ജനതയെ തളര്‍ത്താമെന്ന ഗൂഢലക്ഷ്യമായിരുന്നു അതിനുപിന്നില്‍.

ഭാഷാ വിവേചനത്തിനെതിരെ പ്രതിരോധമുയര്‍ന്നു. വിവിധ രാഷ്ട്രീയ കക്ഷികളും ബഹുജനങ്ങളും ഭാഷാ സ്‌നേഹികളും ഐക്യപ്രസ്ഥാനമുണ്ടാക്കി. പാക്കിസ്ഥാന്‍ നയത്തിനെതിരെ, 1952 ഫെബ്രുവരി 21 ന് കിഴക്കന്‍ മേഖലയില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. യാതൊരുവിധ സമരങ്ങളും അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരും പോലീസുകാരും ധാക്ക യൂണിവേഴ്‌സിറ്റി വളഞ്ഞു. പില്‍ക്കാലത്ത് ലോകചരിത്രത്തില്‍ പതിഞ്ഞ ഏറ്റവും മഹത്തായ വിദ്യാര്‍ത്ഥിപ്രകടനം ഫെബ്രുവരി 21 ന് ധാക്ക സര്‍വ്വകലാശാലയില്‍ നിന്ന് പുറപ്പെട്ടു. ബംഗാളി ഭാഷയെ ജീവന്‍ കൊടുത്തും സംരക്ഷിക്കുമെന്ന് അവര്‍ വിളിച്ചുപറഞ്ഞു.

തോക്കുകള്‍ക്കും പീരങ്കികള്‍ക്കും സുരക്ഷാ കവചങ്ങള്‍ക്കും നടുവിലൂടെ നിയമസഭാ കവാടത്തിലേക്ക് മാര്‍ച്ച് ചെയ്തു. തുടര്‍ന്ന് ക്രൂരമായ പോലീസ് അതിക്രമം അരങ്ങേറി. വിദ്യാര്‍ത്ഥി നേതാക്കളെ ലക്ഷ്യംവെച്ച് പോലീസ് നിറയൊഴിച്ചു. നാലുപാടും ചോരചിതറി. സമരഭടന്മാരായ അനേകം വിദ്യാര്‍ത്ഥികള്‍ കൊലചെയ്യപ്പെട്ടു. ഫെബ്രുവരി 21 ഏറ്റവും വലിയ വിദ്യാര്‍ത്ഥി സമരത്തിന്റെ പര്യായമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ധാക്ക നഗരം പ്രതിഷേധംകൊണ്ട് ഇളകിമറിഞ്ഞു. ആയിരങ്ങള്‍ ജയിലിലടക്കപ്പെട്ടു.

ശക്തമായ സമരങ്ങളുടെയും ജനകീയ ഇടപെടലുകളുടെയും ഫലമായി 1956 ല്‍ ബംഗാളി ഭാഷയെയും ഔദ്യോഗിക ഭാഷയായി അംഗീകരിക്കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായി. ബംഗ്ലാജനത ജനത മാതൃഭാഷയ്ക്കു വേണ്ടിയുള്ള ദേശീയ ദിനമായി ഫെബ്രുവരി 21 നെ ആചരിച്ചുവരികയായിരുന്നു. രണ്ടായിരാമാണ്ട് മുതല്‍ ഐക്യരാഷ്ട്രസഭ ഈ ദിവസത്തെ ലോകമാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചു.

ഭാഷാ സമരങ്ങളുടെ തുടര്‍ച്ചയിലാണ് സ്വന്തമായി ഒരു രാജ്യം എന്ന വികാരം കിഴക്കന്‍ മേഖലയില്‍ ശക്തിപ്പെടുന്നത്. തൊഴില്‍, അധികാരം, ധനകാര്യം തുടങ്ങിയ രംഗങ്ങളിലെ അവഗണനകള്‍ ബംഗാളി ജനതയെ അസ്വസ്ഥപ്പെടുത്തി. 1971 ല്‍ ധാക്ക സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ബംഗ്ലാദേശീയതയുടെ പ്രതീകമായി പുതിയ പതാക ഉയര്‍ത്തി.

അവാമി ലീഗ് നേതാവ് ഷെയ്ഖ് മുജീബു റഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ( യാത്രയ്ക്കിടയില്‍ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ചിരുന്നു) വിമോചന സമരത്തിനുള്ള ആഹ്വാനം നല്‍കി. പാക്‌സൈന്യം സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമം തുടങ്ങി. ജനകീയ സമരത്തെ ഇന്ത്യ പിന്തുണച്ചു. ഭരണകൂടത്തിന്റെ ക്രൂരമായ പീഢനങ്ങളെയും ആക്രമണങ്ങളെയും അതിജീവിച്ച ജനത ഒടുവില്‍ പാക്‌സൈന്യത്തെ പരാജയപ്പെടുത്തി. 1971 ഡിസംബര്‍ 16 ന് ഭൂപടത്തില്‍ പുതിയൊരു രാഷ്ട്രം പിറവിയെടുത്തു. ബംഗ്ലാദേശ് എന്ന പേരും സ്വീകരിച്ചു. മതനിരപേക്ഷതയും മാനവികതയും സംരക്ഷിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.

ആഗോളവ്യാപകമായി തദ്ദേശഭാഷകളെയും പ്രാദേശിക സംസ്‌കൃതിയെയും തുടച്ചുനീക്കാന്‍ ശ്രമം നടക്കുമ്പോള്‍ അതിനെതിരായ ചെറുത്തുനില്‍പ്പുകള്‍ ശക്തിപ്പെടണം. സാംസ്‌കാരിക അധിനിവേശത്തെ ചെറുത്തുതോല്‍പ്പിക്കാനും മനുഷ്യ സാഹോദര്യം ഉയര്‍ത്തിപ്പിടിക്കാനുമുള്ള ആഹ്വാനമാണ് ഫെബ്രുവരി 21 നല്‍കുന്നത്. ബംഗ്ലാദേശ് യാത്രയുടെ ഏറ്റവും വലിയ അനുഭവം ശഹീദ് മിനാര്‍ സന്ദര്‍ശനമാണ്.


(ലേഖകന്‍ കേരള സര്‍വകലാശാല സിന്റിക്കേറ്റ് മെമ്പറാണ്)