ദില്ലി: പുല്‍വാമ സംഭവത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അക്രമം തുടര്‍ക്കഥയാകുന്നു.

സുരക്ഷാ ഭീഷണിമൂലം പലയിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ പൂട്ടി മുറികളില്‍ തങ്ങുകയാണ്. കഴിഞ്ഞ ദിവസം ഡെറാഡൂണില്‍ വിദ്യാര്‍ത്ഥികളെ ദേശദ്രോഹികളെന്ന് വിളിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. പുല്‍വാമ സംഭവത്തെ തുടര്‍ന്ന് കശ്മീരികള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളെ സിപിഐഎം അപലപിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

നാല്‍പത് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ സംഭവത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കശ്മീര്‍ സ്വദേശികള്‍ക്കും കശ്മീരികളായ വിദ്യാര്‍ത്ഥികള്‍ക്കും നേരെ ആക്രമങ്ങളും ഭീഷണികളും തുടര്‍ക്കഥയാകുകയാണ്. രാജ്യദ്രാഹികളെന്ന് മുദ്രകുത്തി കശ്മീരികളെ അക്രമിക്കുന്ന സംഭവം പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ഡെറാഡൂണില്‍ 12 ഓളം കശ്മീരി വിദ്യാര്‍ത്ഥികളെ ദേശദ്രോഹികളെന്ന് വിളിച്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. അംബാലയില്‍ കശ്മീരി വിദ്യാര്‍ത്ഥികളെ വീടൊഴിപ്പിച്ച് വിടുകയും ചെയ്തിരുന്നു. അക്രമം ഭയന്ന് പലയിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ മുറി പൂട്ടി അകത്ത് കഴിയുകയാണ്.

ദില്ലിയുള്‍പ്പെടെ കശ്്മീരികളുടെ താമസ ഇടങ്ങളില്‍ പല ഏജന്‍സികളുടെ പേരില്‍ ഉണ്ടാകുന്ന തെരച്ചിലുകളും ഉണ്ടാകുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ കശ്മീരികളെ അക്രമിക്കാന്‍ ആഹ്വാനങ്ങള്‍ ഉണ്ടാകുന്നുണ്ട്.

സുരക്ഷാ ഭീഷണി തോന്നുന്നവര്‍ക്ക് താമസസൗകര്യം ഒരുക്കാമെന്നറിയിച്ചുള്ള ക്യാംപയിനും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. പുല്‍വാമ സംഭവത്തെ തുടര്‍ന്ന് കശ്മീരികള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ സിപിഐഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു. പുല്‍വാമ സംഭവം ദുഖകരമാണെങ്കിലും ഈ സാഹചര്യം മുതലെടുത്ത് നിരപരാധികള്‍ക്കെതിരെ അക്രമം നടത്തുന്നത് നിന്ദ്യമാണ്.

കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കണമെന്നും സിപിഐഎം പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ കണ്ടു.അക്രമങ്ങളും ഭീഷണിയും നേരിടുന്നവര്‍ക്ക് സഹായം തേടാന്‍ സിആര്‍പിഎഫ് 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്