തിരുവനന്തപുരം: ആവേശ്വോജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എല്‍ഡിഎഫിന്റെ കേരള സംരക്ഷണ യാത്രയുടെ തെക്കന്‍ മേഖലാജാഥ നാലാം ദിവസത്തിലേക്ക്.

നാലാം ദിവസമായ ഇന്ന് കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച് കിളിമാനൂരില്‍ അവസാനിക്കുന്ന ജാഥ നാളെ കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും.

കടന്നുവരുന്ന വഴികളിലെല്ലാം ആയിരങ്ങളാണ് കേരള സംരക്ഷണയാത്രയെ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നത്. ജാഥാ ക്യാപ്റ്റനായ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജാഥാഅംഗങ്ങളും സ്വീകരണകേന്ദ്രങ്ങളില്‍ എത്തിയാല്‍ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്ക് ആവേശമാണ്.

തെക്കന്‍ കേരളയാത്രയുടെ നാലാം ദിവസമായ ഇന്ന് ജാഥ ആരംഭിച്ചത് കഴക്കൂട്ടത്ത് നിന്നാണ്.

ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും ആര്‍എസ്എസിന് എതിരായി നെഞ്ചോട് ചേര്‍ന്ന് നിന്ന് പോരുതുന്നത് ഇടതു പക്ഷമാണെന്നും അതുകൊണ്ട് ബി.ജെ.പി മുഖ്യശത്രുവായി കാണുന്നത് ഇടതു പക്ഷത്തെയാണെന്നും ഇന്നത്തെ ജാഥയില്‍ സംസാരിക്കവെ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സൈനികര്‍ക്ക് പോലും സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനാകുന്നില്ല. ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം 890 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് പാലിക്കാന്‍ കഴിഞ്ഞില്ലെന്നും ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും കോടിയേരി പറഞ്ഞു.