അമ്മ മരണപ്പെട്ട വിവരം പുറത്തറിയിക്കാതെ മൃതദേഹം മറവു ചെയ്യാതെ 44 ദിവസത്തോളം വീട്ടിൽ സൂക്ഷിച്ചതിന് മകൾ അറസ്റ്റില്‍. അമേരിക്കന്‍ സ്വദേശിയായ ജോ വിറ്റ്നി ഔട്ട്ലാന്റിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് അറസ്റ്റ് ചെയ്തേക്കുമോയെന്ന് ഭയന്നാണ് ഡിസംബറില്‍ അമ്മ മരണപ്പെട്ട വിവരം 56 കാരിയായ ജോ പുറത്തറിയിക്കാഞ്ഞത്.

അമ്മ റോസ്മേരി മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും മൃതദേഹം മറവു ചെയ്യാതെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. റോസ്മേരിയുടെ മരണവിവരം ബന്ധുക്കളെ പോലും ജോ അറിയിച്ചിരുന്നില്ല.

54 ബ്ലാങ്കറ്റുകളിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. മൃതദേഹം പ‍ഴകാന്‍ തുടങ്ങിയതു മുതല്‍ ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ 66 ഓളം എയർ ഫ്രഷ്നറുകൾ സ്‍ഥാപിക്കുകയും ചെയ്തു.

ഈ ദിവസങ്ങളിലത്രയും അമ്മയെ കാണാന്‍ എത്തിയ ബന്ധുക്കളെ ഒ‍ഴിവാക്കാന്‍ വീട് അകത്തു നിന്ന് പൂട്ടിയിടുകയായിരുന്നു.

സംശയം തോന്നി വീടിന്‍റെ ജനല്‍ ചില്ല് തകര്‍ത്ത് അകത്തു കടന്ന ഒരു ബന്ധുവാണ് മൃതദേഹം കണ്ടെത്തിയത്. അ‍ഴുകിയ നിലയിലായിരുന്നു മൃതദേഹം.

വീട്ടില്‍ നിന്നും ലഭിച്ച ഒരു കത്തില്‍ നിന്നാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ജോ എ‍ഴുതിയിരിക്കുന്ന കത്തില്‍ പറയുന്നതിങ്ങനെ.

‘സിപിആർ നൽകാനുള്ള എന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു. ഡിസംബർ 29 ന് അമ്മ മരിച്ചു. അമ്മയുടെ മൃതശരീരം ബ്ലാങ്കറ്റുകൾക്കടിയിൽ സൂക്ഷിച്ചിരിക്കുകയാണ്’.

മരണം സ്വാഭാവികമാണെന്നും എന്നാല്‍ മരണവിവരം മറച്ചു വച്ചതിന് പിന്നിലെ കാരണമാണ് അന്വേഷിക്കുന്നതെന്നുമാണ് പൊലീസ് പറയുന്നത്.

പൊലീസ് കസ്റ്റഡിയിലുള്ള മകളെ ഫെബ്രുവരി 28 ന് കോടതിയില്‍ ഹാജരാക്കും.