നാട് അ‍ഴിമതി മുക്തമാക്കുന്നതിന് പൊലീസിന്‍റെ സേവനം അനിവാര്യമാണ്; നീതിനിര്‍വ്വഹണത്തില്‍ പൊലീസ് ജനപക്ഷത്ത്‌ നില്‍ക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: നീതിനിര്‍വ്വഹണത്തില്‍ പൊലീസ് ജനപക്ഷത്ത്‌ നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നാട് അഴിമതി മുക്തമാകുന്നതിന് പൊലീസ് സേവനം അനിവാര്യമാണ്. സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും തലയെടുപ്പോടെ നില്‍ക്കുന്ന കേരളത്തില്‍ നിന്ന് അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ആദ്യ മെട്രോ പൊലീസ് സ്റ്റേഷനായ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുക്കു അദ്ദേഹം.

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് യാത്രികര്‍ക്കും മറ്റുമുള്ള കേസുകള്‍ കൈകാര്യം ചെയ്യുക, സുരക്ഷ ഉറപ്പാക്കുക, കേസുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കുക തുടങ്ങിയവയാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം.

ഈ പൊലീസ് സ്റ്റേഷന് കൊച്ചിയിലെ പൊലീസ് സ്റ്റേഷനുകളിലും മുട്ടം റെയില്‍വേ യാര്‍ഡിലും അധികാരപരിധിയുണ്ട്. സൗത്ത് കളമശ്ശേരിയില്‍ കുസാറ്റ് മെട്രോ സ്റ്റേഷന്‌ സമീപമാണ് സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്.

പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട, ഇടുക്കിയിലെ ഉടുമ്പന്‍ചോല, കോഴിക്കോട്ടെ പന്തീരങ്കാവ്, കൊല്ലത്തെ കണ്ണനല്ലൂര്‍, കാസര്‍ഗോഡ് ജില്ലയിലെ മേല്‍പ്പറമ്പ് എന്നീ പൊലീസ് സ്റ്റേഷനുകളുടെയും തിരുവനന്തപുരം റൂറല്‍ ജില്ലയിലെ ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്,

വയനാട് ജില്ലയിലെ കേണിച്ചിറ ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, കണ്ണൂര്‍ ജില്ലയിലെ ഡിഎന്‍എ ലബോറട്ടറി, തിരുവനന്തപുരം റൂറല്‍ ജില്ലയിലെ മാറാനല്ലൂര്‍ എന്നീ പൊലീസ് മന്ദിരങ്ങളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി നിര്‍വ്വഹിച്ചു.

കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ് ഹനീഷ് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹറക്ക് മെട്രോ പൊലീസ് സ്റ്റേഷന്റെ താക്കോല്‍ കൈമാറി.

വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ അധ്യക്ഷനായി. എം സ്വരാജ് എംഎല്‍എ, കളമശ്ശേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റുക്കിയ ജമാല്‍, ആലുവ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലിസ്സി എബ്രഹാം,

ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് എ പി ഉദയകുമാര്‍, കൊച്ചിന്‍ മേഖല ഐജി പി വിജയ് സാഖറെ, കൊച്ചി സിറ്റി ജില്ലാ പൊലീസ് മേധാവി കെ പി ഫിലിപ് എന്നിവവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here