മഞ്ഞപ്പട യഥാര്‍ത്ഥ ആരാധക കൂട്ടായ്മയല്ലെന്ന് സികെ വിനീത്; നിയമനടപടിയുമായി മുന്നോട്ട്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ മഞ്ഞപ്പടയ്‌ക്കെതിരെ നിയമനടപടിയുമായി സികെ വിനീത്.

സോഷ്യല്‍മീഡിയയിലൂടെ തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ മഞ്ഞപ്പട അംഗങ്ങള്‍ക്കെതിരെ വിനീത് പൊലീസില്‍ പരാതി നല്‍കി. കരിയര്‍ അവസാനിപ്പിക്കാനുള്ള ആള്‍ക്കൂട്ടആക്രമണമാണ് തനിക്കെതിരായി നടക്കുന്നതെന്നും വിനീത് പറഞ്ഞു.

കൊച്ചിയില്‍ നടന്ന ചെന്നൈ- ബ്ലാസ്റ്റേഴ്സ് മത്സരത്തിനിടയില്‍ സികെ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മാച്ച് കമ്മീഷണര്‍ സി കെ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും പ്രചരണത്തിലുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായമയായ മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദ സന്ദേശവും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് സികെ വിനീത് എറണാകുളം കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

മഞ്ഞപ്പടയിലെ ചിലര്‍ നേരത്തെ തന്നെ തനിക്കെതിരായ പ്രചരണം നടത്തുന്നുണ്ട്. ടീം വിട്ടവര്‍ക്കും ഇപ്പോള്‍ ടീമിലുള്ളവര്‍ക്കും സമാനമായ ആള്‍കൂട്ട ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും വിനീത് പറഞ്ഞു.

മഞ്ഞപ്പട യഥാര്‍ത്ഥ ആരാധക കൂട്ടായ്മയല്ലെന്നും വിനീത് തുറന്നടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News