പുല്‍വാമ കഴിഞ്ഞ 5 വര്‍ഷക്കാലത്തിനിടയിലെ 388-ാമത്തെ ഭീകരാക്രമണമാണ് … കഴിഞ്ഞ മൂന്നു ദശക കാലത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണം… അനൗദ്യോഗിക കണക്കനുസരിച്ച് 47 പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയകാര്‍ ബോംബാക്രമണം…

കാശ്മീരിനെ രക്തപങ്കിലമാക്കുകയും ഇന്ത്യന്‍ സൈനികരെ നിഷ്ഠൂരം വധിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ദശകങ്ങളുടെ ചരിത്രമുണ്ട്.. പല നാമങ്ങളിലും രൂപങ്ങളിലും ഭീകരവാദ സംഘങ്ങള്‍ അതിര്‍ത്തിയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടേയിരുന്നു ..

ആഗോള സാമ്രാജ്യത്വ താല്പര്യങ്ങളും, ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള പ്രശ്‌ന പരിഹാരത്തില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചകളും പലപ്പോഴും കശ്മീര്‍ പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുകയായിരുന്നു …

ആത്മഹത്യാ സ്‌ക്വാഡുകളെയും ചാവേര്‍ സംഘങ്ങളെയും വിന്യസിച്ചാണ് അന്താരാഷ്ട്ര ശൃംഖലകളുള്ള താലിബാനിസ്റ്റുകള്‍ ഇന്ത്യക്കെതിരെ കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത് …

പുല്‍വാമ യില്‍ഗൗരവാഹമായ സുരക്ഷാവീഴ്ച ഉണ്ടായതായി കാശ്മീര്‍ ഗവര്‍ണര്‍ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട് … ഐ എസ് ഐ എന്ന പാക്കിസ്താന്‍ രഹസ്യ അന്വേഷണ ഏജന്‍സിയുടെ ആസൂത്രണത്തിലും കാര്‍മ്മികത്വത്തിലുമാവാം ജെയ്‌ഷെ ഇ മുഹമ്മദ് എന്ന ഭീകരവാദ സംഘടന ഈ ഭീകര കൃത്യം നിര്‍വഹിച്ചതെന്നാണ് ഇന്ത്യ സംശയിക്കുന്നത്

ജെയ്‌ഷെ ഇ മുഹമ്മദിന്റെ തലവന്‍ മൗലാനാ മുഹമ്മദ് അല്‍ സര്‍ കശ്മീരിനെ പാക്കിസ്ഥാനോട് ചേര്‍ക്കാനുള്ള വിശുദ്ധ യുദ്ധത്തിന്ന് ആഹ്വാനം ചെയ്യുന്ന പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ നേതാവാണ്.

ഭീകരാക്രമണങ്ങളുടെ ഫലമായി ഇന്ത്യന്‍ ജയിലുണ്ടായിരുന്ന അല്‍ സറിനെ മോചിപ്പിക്കാനായിരുന്നു ഹര്‍ക്കത് – ഉല്‍- അന്‍സാര്‍ എന്ന സംഘടന ഖാണ്ഡഹാറിലേക്ക് ഇന്ത്യന്‍ വിമാനം റാഞ്ചിയത് …

അന്നത്തെ ബാജ്‌പേയ് സര്‍ക്കാര്‍ ഭീകരവാദികളുടെ വില പേശലുകള്‍ക്ക് കീഴടങ്ങി അല്‍ സര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ജയിലിലുണ്ടായിരുന്നമൂന്ന് ഭീകരവാദികളെ ഖാണ്ഡഹാറിലെ താലിബാന്‍ കേന്ദ്രത്തിലേക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു … കൈമാറുകയായിരുന്നു …

അവരെല്ലാം ചേര്‍ന്നാണ് ജെയ്‌ഷെ ഇ മുഹമ്മദ് എന്ന ഭീകര സംഘടനയെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ശക്തിപ്പെടുത്തിയത്… അന്നത്തെ വിദേശകാര്യ മന്ത്രി പിന്നീട് വെളിപ്പെടുത്തിയത് ഭീകരവാദികള്‍ക്ക് ഇന്ത്യാ സര്‍ക്കാര്‍ അവരാവശ്യപ്പെട്ട പണവും നല്‍കേണ്ടി വന്നുവെന്നാണ്…!

കാശ്മീരില്‍ ഇനിയും ചോര വീഴാതിരിക്കണം… ജീവന്‍ നഷ്ടപ്പെടാതിരിക്കണം .. കേവലമായ സൈനിക നടപടികളിലൊതുങ്ങാതെ സമര്‍ത്ഥമായ നയതന്ത്രപരമായ നീക്കമാണ് രാജ്യം നടത്തേണ്ടത് .. കാശ്മീരിലെ ജനങ്ങളില്‍ അന്യവല്‍ക്കരണം സൃഷ്ടിക്കാതെ അവരെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നീക്കമാണ് രാജ്യമാവശ്യപ്പെടുന്നത് …