ദില്ലി: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ ജവാന്മാര്‍ കൊല്ലപ്പെട്ടതില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ പ്രതിഷേധവുമായി സൈനികരുടെ ബന്ധുക്കള്‍.

സൈനികര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

‘ഒരു സൈനികനും ജീവന്‍ നഷ്ടപ്പെടുത്തിയത് വെറുതെയാവില്ലെന്നാണ് മോദി പറയുന്നത്. ഞങ്ങള്‍ക്ക് മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിശ്വാസമില്ല. അവര്‍ ജവാന്മാര്‍ക്ക് വിലകല്‍പ്പിച്ചിരുന്നെങ്കില്‍ ഇതുണ്ടാകുമായിരുന്നില്ല. സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം ജവാന്മാര്‍ക്ക് നല്‍കിയിരുന്നില്ല.’- കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ പ്രദീപ് സിംഗ് യാദവിന്റെ ഭാര്യ നീരജ് ദേവി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ അജന്‍ സുഖ്‌സെന്‍പൂര്‍ സ്വദേശിയാണ് പ്രദീപ് സിംഗ് യാദവ്.

ജവാന്മാരുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത സര്‍ക്കാരാണ് മോദിയുടേതെന്ന് കൊല്ലപ്പെട്ട ജവാന്‍ അമര്‍ സിംഗിന്റെ അച്ഛന്‍ പറയുന്നു.

‘സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന പേരില്‍ പുകമറ സൃഷ്ടിച്ചതല്ലാതെ ഭീകരവാദത്തിനെതിരെ ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കുറച്ചുദിവസം കഴിയുമ്പോള്‍ എന്റെ മകന്റെ മരണം എല്ലാവരും മറക്കും.’-അദ്ദേഹം പറഞ്ഞു.

ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു ജവാന്മാരുടെ ബന്ധുക്കള്‍.