യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ക്രിമിനല്‍ കുറ്റമെന്ന് ഹൈക്കോടതി; മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ നടത്തുന്നത് കോടതിയലക്ഷ്യം; നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും; ഡീനിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താല്‍ കോടതിയലക്ഷ്യ നടപടിയും ക്രിമിനല്‍ കുറ്റവുമാണെന്ന് ഹൈക്കോടതി.

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനും യുഡിഎഫിന്റെ കാസര്‍ഗോഡ് ജില്ലാ ചെയര്‍മാനും കണ്‍വീനര്‍ക്കും കോടതിലക്ഷ്യ നോട്ടീസയച്ചു.

മിന്നല്‍ ഹര്‍ത്താല്‍ നീതീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി.

മുന്‍കൂര്‍ അനുമതിയും ഏഴ് ദിവസം മുന്പ് നോട്ടീസും നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന ഇടക്കാല ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് മിന്നല്‍ ഹര്‍ത്താലില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് നടപടി ആരംഭിച്ചത്.

മിന്നല്‍ പണിമുടക്ക് കോടതിയലക്ഷ്യവും ക്രിമിനല്‍ കുറ്റവുമാണെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. മിന്നല്‍ ഹര്‍ത്താല്‍ എങ്ങനെ നടത്താനാവും? ആരാണ് ആഹ്വാനം ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു.

ഹര്‍ത്താല്‍ നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതുമാണ്. ഹര്‍ത്താലിന്റെ പേരില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുകയോ പൊതുഗതാഗതം നിര്‍ത്തിവയ്ക്കുകയോ ചെയ്യരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഫെയ്‌സ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തെളിവുകള്‍ സര്‍ക്കാര്‍ ഹാജരാക്കി. തുടര്‍ന്ന് ഡീന്‍ കുര്യാക്കോസ്, യുഡിഎഫിന്റെ കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ എം കെ കമറുദ്ദീന്‍, കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസയച്ചു.

വെളളിയാഴ്ച നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് മുഖേന നോട്ടീസ് അയച്ചത്. കേരളത്തില്‍ 1 ലക്ഷം കഇടഋ വിദ്യാര്‍ത്ഥികളെ ഹര്‍ത്താല്‍ ബാധിച്ചതായും പത്താം ക്ലാസ് പരീക്ഷ മാറ്റി വയ്‌ക്കേണ്ടി വന്നതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സ്വകാര്യ ബസ് സര്‍വീസിനെയും ബാധിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍ അക്രമവും നാശനഷ്ടങ്ങളും ഉണ്ടായതായും നഷ്ടപരിഹാരം വിലയിരുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അക്രമങ്ങളുടെ ദൃശ്യങ്ങള്‍ ശേഖരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

മിന്നല്‍ ഹര്‍ത്താലുകള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കരുതെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ വെള്ളിയാഴ്ചക്കകം സത്യവാങ്മൂലം നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News