കോത്തായി മുക്കില്‍ ഒരു ഇന്ദിയേട്ടന്‍ ഉണ്ടായിരുന്നു; കൈയ്യില്‍ പൈസയില്ലാത്തവര്‍ക്കും ഭക്ഷണം കൊടുത്തിരുന്ന ഹിന്ദിയേട്ടന്‍

മലയാളിക്ക് നല്ലൊരു ഹോട്ടല്‍ സംസ്കാരമുണ്ടായിരുന്നു. വില്‍ക്കുന്നവര്‍ക്കും വിളമ്പുന്നവര്‍ക്കും ക‍ഴിക്കുന്നവരോട് വലിയ ഉത്തരവാദിത്തമുണ്ടായിരുന്ന സംസ്കാരം.

കണ്ണൂര്‍ പയ്യന്നൂരിലെ കോത്തായി മുക്കില്‍ അങ്ങനെയൊരു പ‍ഴയ ഹോട്ടലുണ്ടായിരുന്നു. ഇന്ദിയേട്ടന്‍റെ ഹോട്ടല്‍. കൈയ്യില്‍ പൈസയില്ലാത്തവര്‍ക്കും ഇന്ദിയേട്ടന്‍ ഊണുവിളമ്പി.

കോത്തായി മുക്ക് ഇന്ന് അറിയപ്പെടുന്നത് ഒരു കള്ളന്‍റെ പേരിലാണെങ്കില്‍, സത്യസന്ധനായൊരു ഹോട്ടലുകാരന്‍റെ പേരും ഈ സ്ഥലത്തോട് ചേര്‍ത്ത് പറയാനുണ്ട്.

ആ കഥ അറിയണമെങ്കില്‍ സജിത്ത് കരിവെള്ളൂരിന്‍റെ ഈ ഫേസ് ബുക്ക് പോസ്റ്റ് വായിക്കൂ.

പയ്യന്നൂരിനും കരിവെള്ളൂരിനുമിടയിൽ ദേശീയ പാതയിൽ ചെറുപുഴ റോഡ് ചേരുന്ന ജംഗ്ഷന്റെ പേരാണ് കോത്തായിമുക്ക്.

സത്യവും മിഥ്യയും വേർതിരിച്ചെടുക്കാനാവാത്ത ഒരു കള്ളന്റെ കഥ..
മനസ്സിൽ നൻമയുള്ള , അത്യാവശ്യം പരോപകാരിയായ ഒരു കള്ളൻ, പേര് കോത്തായി.. മോഷ്ടിച്ചുണ്ടാക്കിയ തന്റെ സമ്പാദ്യം മുഴുവൻ മണ്ണിൽ നിധിപോലെ കുഴിച്ചിട്ടു.

ഒരിക്കൽ പോലീസിന്റെ പിടിയിലായി ജയിലിലകപ്പെട്ടു ! വർഷങ്ങൾ നീണ്ട ജയിൽ വാസം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കോത്തായി അന്തംവിട്ടു പോയി സുരക്ഷിതമാണന്ന് കരുതിയ തന്റെ എല്ലാ സമ്പാദ്യവും കുഴിച്ചിട്ട സ്ഥലത്ത് കൂടി ഒരു റോഡ് കടന്നു പോകുന്നു …!

വെറും റോഡല്ല നല്ല ടാർ ചെയ്ത് ഗംഭീരമാക്കിയ കുത്തിപ്പൊളിക്കാൻ ആവാത്ത ദേശീയ പാത . പിന്നീട് ആ ജംഗ്ഷന് അയാളുടെ പേരാണ് “കോത്തായിമുക്ക്”.

സ്നേഹം കൂടുമ്പോൾ പയ്യന്നൂർ പ്രദേശത്തെ മുത്തശിമാർ ഇപ്പഴും കുസൃതി കാട്ടുന്ന കുഞ്ഞുങ്ങളെ “എടാ കള്ളക്കോത്തായീ” എന്ന് വിളിക്കാറുണ്ട് .

കോത്തായിയുടെ കഥ ഇതാണ്.

കോത്തായിമുക്ക് എന്ന അങ്ങാടിയുടെ വികസനത്തിന്റെ അത്രയും പഴക്കമുള്ള മറ്റൊരു മനുഷ്യന്റെ കഥയുണ്ട് …

ഇന്ദിയേട്ടൻ- അക്കാലത്തെ ഈ പ്രദേശത്തെ ഒരേ ഒരു ചായക്കടക്കാരനെ ജനങ്ങൾ മുഴുക്കെ വിളിച്ച രസമുള്ള വാക്കാണ് ഇന്ദിയേട്ടൻ …!

ജീവിതം കരുപ്പിടിപ്പിക്കാൻ ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും ,പാക്കിസ്ഥാനിൽ പോലും ജോലി ചെയ്തിട്ടുണ്ട് കെ.വി കുഞ്ഞിരാമൻ എന്ന ആ കണ്ടോത്തു കാരൻ. അക്കാലത്ത് ഗെയ്മൻ എന്ന വലിയ കമ്പനിയിൽ കണ്ടോത്തെ കുറെയേറെ ചെറുപ്പക്കാർ ജോലി ചെയ്തിരുന്നു.

ദേശം മുഴുവൻ അലഞ്ഞിട്ട് തിരിച്ചു വന്ന കുഞ്ഞിരാമന് ഒറ്റ സമ്പാദ്യമേയുണ്ടായിരുന്നുള്ളൂ നല്ല മണി മണി പോലത്തെ ഹിന്ദി ഭാഷ ..!

അങ്ങനെ നാട്ടിൽ ആദ്യത്തെ ഹോട്ടല് തുടങ്ങിയപ്പോൾ ഓട്ടല് കാരൻ കുഞ്ഞിരാമൻ തമാശക്കാണെങ്കിലും ഹിന്ദിയിലാണ് സംസാരം. അതു കൊണ്ട് നാട്ടുകാർ പേര് ചാർത്തിക്കൊടുത്തു
“ഹിന്ദിയേട്ടൻ”
കടയിലേക്ക് വരുന്നതാരായാലും ..

“ചായ് ജൽദീ ഹോനേ കോ ബനാ കീ പിയോ
നഹീ തോ ഉദർ ബൈഠീയേ … ” ഇതാണവസ്ഥ. !

ഇന്ദിയേട്ടന്റെ ഈ ഹിന്ദി കേട്ട് വായും പൊളിച്ച് നിന്നതല്ലാതെ ഇതിന് പ്രത്യേകിച്ച് അർത്ഥം വല്ലതുമുണ്ടോയെന്ന് ആരും അന്വേഷിച്ചതുമില്ല ..!

സരസനായ ഇന്ദിയേട്ടന് മലയാളത്തിലും തന്റേതായ ശ്ലോകങ്ങളുണ്ടായിരുന്നത്രേ…

ഇന്നത്തെപ്പോലെ ഹോട്ടലുകൾ സാർവ്വത്രികമല്ലാത്ത അക്കാലത്ത് ഇന്ദിയേട്ടന്റെ ഹോട്ടൽ ഒരു ഇടതാവളമായിരുന്നു പലർക്കും .. ഉടുപ്പിയിലെ കാലിച്ചന്തയിൽ നിന്നും ഉരുക്കളുമായ് വരുന്ന വ്യാപാരികൾക്കും ,

തീർത്ഥാടകർക്കും ഒരഭയ കേന്ദ്രമായിരുന്നു ആ കുഞ്ഞ് ചായപ്പീടിക . കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ട് ആരെയും മടക്കിയയച്ചില്ല ആ നല്ല മനുഷ്യൻ .

നല്ല രുചിയുള്ള ഭക്ഷണം കൊടുത്ത്‌ എല്ലാവരുടെയും വയറും മനസ്സും നിറച്ചു ഇന്ദിയേട്ടൻ . വൃദ്ധരോടൊന്നും പലപ്പോഴും ഒന്നും വാങ്ങിയില്ലത്രേ അദ്ദേഹം .

ഇലയിട്ട് വിളമ്പുന്ന നല്ല നാടൻ ഉച്ചയൂണ് കിട്ടുന്ന ഒരു സ്ഥലം എന്ന നിലക്ക് പ്രശസ്തമായി ഈ ഓട്ടല് പിന്നീട് .. കെഎസ്ആര്‍ടിസി ജീവനക്കാരും ,മറ്റ് തൊഴിലാളികളും തേടി വരാൻ തുടങ്ങി ഇന്ദിയേട്ടന്റെ വീട്ടിലുണ്ടാക്കുന്നത് പോലത്തെ “എൻചാന്‍റിംങ്ങ് റസിപ്പി” തേടി ! തുച്ഛമായ തുകക്ക് ആവി പൊങ്ങുന്ന ചോറിനൊപ്പം വറുത്തരച്ച നാടൻ കോയിക്കറിയും, കപ്പക്ക പുളിശേരിയുമൊക്കെ വിളമ്പി അതിഥികളെ ഊട്ടിയ ഇന്ദിയേട്ടന്റെ ഹോട്ടൽ നടത്തുന്നത് ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ഗംഗാധരനാണ് .

അച്ഛൻ പകർന്ന് നൽകിയ നന്മയും രുചിക്കൂട്ടുകളുമായി ഗംഗാധരേട്ടനും അദ്ദേഹത്തിന്റെ കുടുംബവും എല്ലാവരെയും ഊട്ടുകയാണ് പതിറ്റാണ്ടുകളായ്.

ഭക്ഷണപ്രിയരെ സ്വീകരിക്കാൻ കെട്ടിലും മട്ടിലും കാലോചിതമായ മാറ്റങ്ങൾ വരുത്തി #ജസ്ന #ലഞ്ച്റൂം എന്ന പേരിൽ കാത്ത് നിൽക്കുകയാണ് കോത്തായി മുക്കിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News