വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ പിന്തുടരുന്ന കേന്ദ്രസര്‍ക്കാരിന് താക്കീതായി ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ ദില്ലി ചലോ പാര്‍ലമെന്റ് മാര്‍ച്ച്.

പൊതുവിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാക്കുക, വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവല്‍ക്കണം അവസാനിപ്പിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നിയിച്ച് നടന്ന മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു.

അടിസ്ഥാന മൂല്യങ്ങള്‍ അട്ടിമറിച്ച് വിദ്യാഭ്യാസ മേഖലയെ ദുര്‍ബലമാക്കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരായ ശക്തമായ വിദ്യാർത്ഥിമുന്നേറ്റമായി മാർച്ച് മാറി.

കര്‍ഷകര്‍, തൊഴിലാളികള്‍,യുവാക്കള്‍,ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന് താക്കീതുമായി രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹവും സമരവുമായി ദില്ലിയിലെത്തിയത്.

എസ്എഫ്‌ഐ, എഐഎസ്എഫ്, തുടങ്ങി 5 ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ദില്ലി ചലോ പാര്‍ലമെന്റ് മാര്‍ച്ച്.

പൊതുവിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാക്കുക, വിദ്യാഭ്യാസമേഖലയിലെ വര്‍ഗീയവല്‍ക്കണം അവസാനിപ്പിക്കുക, കുടിശ്ശികയായ സ്‌കോളര്‍ഷിപ്പുകള്‍ ഉടന്‍ വിതരണം ചെയ്യുക, കേന്ദ്രബജറ്റിലെ 10 ശതമാനം വിദ്യാഭ്യാസമേഖലയ്ക്ക് മാറ്റിവയ്ക്കുക, സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണവും സാമൂഹ്യനീതിയും ഉറപ്പുവരുത്തുക തുടങ്ങിയ 8 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാർച്ച്.

എല്ലാ ജനവിഭാഗങ്ങളും കൈവിട്ട കേന്ദ്ര സർക്കാരിനെ പുറത്താക്കാനുള്ള വിദ്യാർത്ഥികളുടെ തയ്യാറെടുപ്പാണ് മാർചെന്ന് എസ് എസ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പറഞ്ഞു.

പുൽവമായിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമായിരുന്നു പൊതുസമ്മേളനം.

ചരിത്രകാരി റൊമീല ഥാപ്പര്‍, സംഗീതജ്ഞന്‍ ടിഎം കൃഷ്ണ തുടങ്ങി സാമൂഹ്യ രംഗത്തെ പ്രമുഖർ മാർച്ചിന് പിന്തുണ അറിയിച്ചു.

ദില്ലി രാംലീല മൈതാനി മുതല്‍ ജന്തർ മന്തർ വരെ നീണ്ട മാർച്ചിൽ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ അണിനിരന്നു.