തിരുവനന്തപുരം: യൂത്ത്‌ കോൺഗ്രസ്‌ ഹർത്താലിൽ സംസ്ഥാനത്തുടനീളം വ്യാപക അക്രമം. കൊച്ചിയിൽ പലയിടത്തും പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു.

കലൂരിൽ കടതുറക്കാനെത്തിയ വ്യാപാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായി. കോഴിക്കോട്‌ വ്യാപാരിയെ കടയിലിട്ട്‌ പൂട്ടി. അങ്കമാലിയിലും, പെരുമ്പാവൂരും, പള്ളുരുത്തിയിലും ബസുകളും ഓട്ടോറിക്ഷയുമടക്കം തടയുന്നുണ്ട്‌.

മിക്ക കടകളും തുറന്നിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് എല്ലാ ബസുകളും യാത്ര തിരിച്ചിട്ടുണ്ട്.

എറണാകുളം കുമ്പളങ്ങിയിൽ ഹർത്താൽ അനുകൂലികൾ ബസുകൾ തടഞ്ഞു. പശ്ചിമ കൊച്ചിയിൽ പൊലീസ് നോക്കി നിൽക്കെ ബസിൽ നിന്ന് യാത്രക്കാരെ ഇറക്കി വിട്ടു.

തിരുവനന്തപുരത്ത് കിളിമാനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. ആറ്റിങ്ങലില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെഎസ്ആർടിസി ബസുകൾ തടഞ്ഞു.

സംഭവത്തില്‍ അഞ്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല.

ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും നിരത്തിലുണ്ട്. പതിവ് ഹര്‍ത്താലുകളില്‍നിന്ന് വ്യത്യസ്തമായി തിരുവനന്തപുരം നഗരം ഇപ്പോഴും തിരക്കിലാണ്.

കോഴിക്കോട് കുന്ദമംഗലം പന്തീർപാടത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. കൊല്ലം നഗരത്തിലും കെഎസ്ആർടിസി ബസുകൾ തടഞ്ഞു.

കൊല്ലം, ചവറ ശങ്കര മംഗലത്തും കണ്ണൂര്‍ പയ്യോളിയിലും കോൺഗ്രസ്സ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു.