ക‍ഴിവും സാഹസികതയും ജനസേവനവും കൊണ്ട് ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ടൊവിനോ തോമസ്.

സിനിമയ്ക്ക് പുറത്തുള്ള ജീവിതവും ആരാധകരുമായി പങ്കുവയ്ക്കാറുള്ള ടൊവിനോ തന്‍റെ സാഹസികതകളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരിലെത്തിക്കാറുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് 1680 മീറ്റര്‍ ഉയരത്തില്‍ നടത്തിയ മറ്റൊരു സാഹസികതയുടെ വീഡിയോ പങ്കുവച്ചാണ് ടൊവിനോ ഇക്കുറി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

യുഐഇയിലെ ഏറ്റ‍വും ഉയര്‍ന്ന പര്‍വ്വതമായ ജബല്‍ ജയ്സില്‍ നിന്നും സിപ് ലെെന്‍ റൈഡ് നടത്തിയാണ് ടൊവിനോ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

റാസല്‍ഖൈമയിലെ ജബല്‍ ജൈസ് സിപ് ലൈന്‍ യാത്രയുടെ വീഡിയോ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം വ‍ഴി പങ്കുവച്ചിരിക്കുന്നത്.

2.83 കിലോ മീറ്റര്‍ നീളമുള്ള ജബല്‍ ജയ്സ് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ സിപ്പ് ലൈനാണ്. എറ്റവും വേഗതയേറിയ റൈഡിങിനും ജബല്‍ ജയ്സ് സിപ് ലൈന്‍ കുപ്രസിദ്ധമാണ്.

മണിക്കൂറില്‍ 120 മുതല്‍ 150 വരെ കിലോ മീറ്റര്‍ സ്പീഡിലാണ് പര്‍വ്വത മുകളിലെ റൈഡ്. ജബല്‍ ജെയ്സില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തിനു ശേഷം ഏറെനാളുകള്‍ ക‍ഴിഞ്ഞാണ് സാഹസികര്‍ക്കായി സിപ് ലൈന്‍ തുറന്ന് നല്‍കിയിട്ടുള്ളത്.

സാഹസികത ഇഷ്ടപ്പെടുന്ന താരത്തിന്‍റെ ആരാധകര്‍ വീഡിയേ ഇതിനോടകം തന്നെ വെെറലാക്കിക്ക‍ഴിഞ്ഞു.