യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം വ്യാപക അക്രമം. കെഎസ്ആര്‍ടിസി ബസ്സിന് നേരെ വ്യാപക കല്ലേറുണ്ടായി. പലയിടത്തും കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിവച്ചു.

തുറന്നുകിടന്ന കടകമ്പോളങ്ങളും ഹര്‍ത്താലനുകൂലികള്‍ അടപ്പിച്ചു. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളും തടഞ്ഞു. സെക്രട്ടറിയേറ്റിലേക്ക്് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ പരിക്കേറ്റു.
കാസര്‍കോട് 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് അര്‍ദ്ധരാത്രി പിന്നിട്ട ശേഷം പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് സംസ്ഥാന വ്യാപകമായുണ്ടായത്.

കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായ സാഹചര്യത്തില്‍ തിരുവനന്തപുരം , പാലക്കാട് എന്നി ജില്ലകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു. രാവിലെ നിരത്തിലിറങ്ങിയ സ്വകാര്യ ബസ്സുകള്‍, ഓട്ടോ , ടാക്‌സി എന്നിവയും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു.

കലൂരില്‍ കടതുറക്കാനെത്തിയ വ്യാപാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായി. കോഴിക്കോട് വ്യാപാരിയെ കടയിലിട്ട് പൂട്ടി. പലയിടത്തും തുറന്ന കടകള്‍ പ്രതിഷേധക്കാര്‍ അടപ്പിച്ചു.

ദേശീയ പാത ഉപരോധിച്ചും ഹര്‍ത്താലനുകൂലികള്‍ പ്രതിഷേധിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി സ്‌കൂളുകള്‍ അടഞ്ഞു കിടന്നു. സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. കൊല്ലം ശാസ്താംകോട്ടയില്‍ സിവില്‍ പൊലീസ് ഓഫീസറെ ഉള്‍പ്പെടെ ഹര്‍ത്താലനുകൂലികള്‍ മര്‍ദ്ദിച്ചു. പലയിടത്തും പൊലീസ് ബദല്‍ സംവിധാനമൊരുക്കി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലെക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് 2 തവണ ജലപീരങ്കി പ്രയോഗിച്ചു.

സമരക്കാര്‍ നടത്തിയ കല്ലേറില്‍ 2 മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം പരിക്കേറ്റു. മനേരമ ന്യൂസ്, 24 ന്യൂസ് എന്നീ ചാനലുകളിലെ ക്യാമറാമാന്‍മാര്‍ക്കാണ് പരിക്കേറ്റത്. സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന്റെ ഭാഗമായി നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.