ഹർത്താലിനും ഒന്നിക്കാന്‍ തീരുമാനിച്ചവരുടെ വിവാഹത്തെ തടയനായില്ല. അപ്രതീക്ഷിത ഹര്‍ത്താല്‍ ദിനത്തില്‍ മെറിൻ മേരി സബിലാഷിന്റെതായപ്പോള്‍ ആറു വർഷത്തെ പ്രണയത്തിന് സാഫല്യം.

ഹർത്താല്‍ ദിനത്തില്‍ കോൺഗ്രസ് പ്രവർത്തകർ ബലമായി അടപ്പിച്ച താനൂർ സബ് രജിസ്ട്രാർ ഓഫീസില്‍ വച്ചു തന്നെ അവര്‍ ഒന്നായി.

താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാൻ ഇടപെട്ടാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ച സബ് രജിസ്ട്രാർ ഓഫീസ് തുറപ്പിച്ച് ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്തത്.

താനൂർ സ്വദേശിയായ സബിലാഷും പത്തനംതിട്ട സ്വദേശിയായ മെറിൻ മേരിയും വര്‍ഷങ്ങളായി പ്രണയത്തിലാണ്.

ഒടുവില്‍ ഒന്നാക്കാമെന്ന തീരുമാനിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രാവിലെ താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിത ഹര്‍ത്താല്‍ വിനയായത്.

എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ഇരുവരും സഹായത്തിനായി താനൂര്‍ എംഎല്‍എയുമായി ബന്ധപ്പെടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ എംഎല്‍എ ഉടന്‍ തന്നെ രജിസ്ട്രാറെ വിളിച്ചുവരുത്തി ഇരുവരുടെയും വിവാഹം മുന്‍കൈയെടുത്ത് നടത്തിക്കൊടുക്കുകയായിരുന്നു.

ആറു വര്‍ഷം മുന്‍പ് ഇരുവരും ഒരു സുഹൃത്തിന്റെ വിവാഹചടങ്ങിലാണ് പരിചയപ്പെട്ടത്. വിവാഹച്ചടങ്ങില്‍ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.