പ്യഥിരാജ് ചലചിത്രം എസ്രയിലെ ഡിബുക്ക് പോലെ നമ്മള്‍ അപരിചിതന്‍ എന്ന മമ്മൂട്ടി സിനിമയില്‍ കണ്ട ഒന്നാണ് ഓജോ ബോര്‍ഡ്. എന്താണ് ഓജോ ബോര്‍ഡ്, ശരീരം നഷ്ടപ്പെട്ട ആത്മാക്കളുമായി സംവദിക്കാനുള്ള ഒരു മാധ്യമമാണോ ഇത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ ഇതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍, ഗവേഷണങ്ങള്‍ എല്ലാം നടന്നിട്ടുണ്ട്. നമ്മുടെ ഉപബോധമനസിലെ ചിന്തകളും പേടിയുമാണ് ഓജോ ബോര്‍ഡിന്റെ അടിസ്ഥാനം എന്നാണ് കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നത്.


ഇംഗ്ലീഷ് അക്ഷരമാലയും, അക്കങ്ങളും, ചില ചിഹ്നങ്ങളും വരച്ചു ചേര്‍ത്ത ഒരു ബോര്‍ഡ് ആണ് ഓജോ ബോര്‍ഡ്. ഇതിനെ സംസാരിക്കുന്ന ബോര്‍ഡ് അല്ലെങ്കില്‍ ആത്മാവ് ബോര്‍ഡ് എന്നും പറയപ്പെടുന്നു.

ആത്മാവുമായുള്ള സംവേദനം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന മരത്തിലോ പ്ലാസ്റ്റിക്കിലോ ഉണ്ടാക്കിയ ഒരു നാണയവും ഇതിനോടൊപ്പം ഉപയോഗിക്കുന്നു. ആത്മാവിനോട് സംവദിക്കുന്ന സമയം ഓജോ ചെയ്യാന്‍ തയ്യാറെടുക്കുന്നവര്‍ നേരത്തെ പറഞ്ഞ നാണയത്തില്‍ വിരല്‍ വയ്ക്കുകയും ആത്മാവ് പറയുന്ന വാക്കുകള്‍ക്ക് അനുസരിച്ച് അത് വിരലോട് കൂടി ചലിക്കുകയും ചെയ്യുന്നു.

അമാനുഷികതയിലും അസാധാരണയിലും ബന്ധപെട്ടു കിടക്കുന്ന ഓജോ ബോര്‍ഡിനെ ശാസ്ത്രസമൂഹം ശാസ്ത്രീയത്യക്ക് നേരെ വിപരീതം എന്ന് അര്‍ഥമുള്ള ശാസ്ത്രാഭാസം എന്നാണ് വിളിക്കുന്നത്. ഓജോ ബോര്‍ഡില്‍ നാണയത്തിന് മുകളില്‍ കൈ വിരല്‍ ചലിക്കുന്നതിനെ അതില്‍ വിശ്വസിക്കുന്നവര്‍ ആത്മാവുമായി ബന്ധപെടുത്തുമ്പോള്‍ ശാസ്ത്രസമൂഹം അതിനെ ഇഡിയോ മോട്ടോര്‍ റെസ്‌പോന്‍സ് എന്നാണ് വിളിക്കുന്നത്.

ഇഡിയോ മോട്ടോര്‍ റെസ്‌പോന്‍സ് പ്രകാരം ഉപബോധമനസാണ്. ഓജോ ബോര്‍ഡില്‍ നാണയം നീക്കി വാക്കുകളുണ്ടാക്കുന്നത് സ്വമേധയാ അല്ലെന്ന് നിയന്ത്രിത പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഈ സമയത്ത് അവര്‍ രൂപപ്പെടുത്തുന്ന വാക്കുകളും വാക്യങ്ങളുമെല്ലാം അപ്പപ്പോള്‍ അവരുടെ മനസ്സിലുള്ള കാര്യങ്ങള്‍ മാത്രമാണെന്നതും പുതിയ കാര്യങ്ങളൊന്നുമല്ലെന്നതും ശ്രദ്ധേയമാണ്. അതുപോലെ തന്നെ കണ്ണ് കെട്ടി ഓജോ ബോര്‍ഡ് പ്രവര്‍ത്തിപ്പിച്ചവര്‍ക്ക് ഒന്നും തന്നെ നാണയങ്ങള്‍ നീക്കി വാക്കുകളോ അക്കങ്ങളോ മെനെഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല എന്നതും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

എന്നാല്‍ ഇന്നും ഇതില്‍ വിശ്വസിക്കുന്നവും, ഓജോ ബോര്‍ഡ് വഴി മരണപ്പെട്ടവരുമായി സംസാരിക്കുന്നവരുണ്ടെന്നും മാത്രമല്ല ഇത് പരിശീലിപ്പിക്കുന്നവരും ഉണ്ടെന്ന് അറിയാന്‍ കഴിയുന്നത് നിരാശാജനകം തന്നെയാണ്.

മനുഷ്യന്റെ ഭയത്തിനെയും കച്ചവടലാഭത്തോടെ വിറ്റു കാശാക്കുന്ന ഒരു കൂട്ടം ആളുകളുടെ മുന്നില്‍ കോമാളിയാക്കപ്പെടുകയാണ് ഇത്തരക്കാര്‍.ശാസ്ത്രീയ അടിത്തറയില്ലാത്തതാണെങ്കിലും ഓജോ ബോര്‍ഡുകള്‍ പാര്‍ക്കര്‍ ബ്രദേഴ്‌സ് എന്ന കമ്പനി അന്താരാഷ്ട്രതലത്തില്‍ പേറ്റന്റ് എടുത്ത് വില്‍പ്പന നടത്തുന്നുണ്ട്. മാനസിക ദൗര്‍ബല്യമാണ് ഓജോബോര്‍ഡുകളില്‍ വില്ലനാകുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

ഇതൊക്കെയാണങ്കിലും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കുന്ന ഒരു വിഭാഗം ആളുകള്‍ ഇതിനു പുറകെ പായുന്ന വിരോദ്ദാഭാസം ഇപ്പോഴും കാണുവാന്‍ കഴിയുന്നു.