കേരളത്തിലെ ആദ്യത്തെ രക്തസാക്ഷി വാടിക്കൽ രാമകൃഷ്ണനാണെന്ന തരത്തില്‍ തന്‍റെ പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന സത്യവിരുദ്ധമെന്നാരോപിച്ച് ഉല്ലേഖ് എന്‍ പി രംഗത്ത്.

തന്‍റെ പുസ്തകത്തില്‍ അത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഉല്ലേ‍ഖ് ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. അടുത്തിടെയാണ് വിവാദപരാമര്‍ശത്തെക്കുറിച്ച് അറിയാനിടയായതെന്നും ഉല്ലേഖ് പറയുന്നു.

മുല്ലപ്പള്ളി പരാമര്‍ശിച്ചതു പോലെ വാടിക്കല്‍ രാമകൃഷ്ണനല്ല, മറിച്ച് ആർ എസ് എസ്-മാർക്സിസ്റ്റ്‌ സംഘട്ടനങ്ങളിൽ കോഴിക്കോട്ടെ സിപിഎം നേതാവ് സുലൈമാനാണ് ആദ്യമായി വധിക്കപ്പെട്ടതെന്നും പോസ്റ്റില്‍ പറയുന്നു.

വാസ്തവ വിരുദ്ധമായ ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും പുസ്തകത്തെക്കുറിച്ചു‍ള്ള തെറ്റായ പരാമര്‍ശം തിരുത്താന്‍ തയ്യാറാകണമെന്നും മാപ്പു പറയണമെന്നും ഉല്ലേഖ് പോസ്റ്റില്‍ പറയുന്നു.

ഉല്ലേഖ് എന്‍ പിയുടെ ‘കണ്ണൂര്‍’ എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ടാണ് മുല്ലപ്പള്ളി വിവാദപരാമര്‍ശം നടത്തിയത്.

പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ;

‘ബഹുമാന്യനായ മുല്ലപ്പള്ളി രാമചന്ദ്രൻ ഞാനെഴുതിയ ‘കണ്ണൂർ’ എന്ന പുസ്തകത്തെ ഉദ്ധരിച്ചു നടത്തിയ ചില പരാമർശങ്ങൾ സത്യവിരുദ്ധമാണ്. ഒരു പത്രപ്രസ്താവനയിൽ ആണ് അദ്ദേഹം അങ്ങനെ ചെയ്തിരിക്കുന്നത് എന്നാണ് ഞാനറിഞ്ഞത്. എന്റെ പുസ്തകത്തിൽ വാടിക്കൽ രാമകൃഷ്ണൻ ആണ് കേരളത്തിലെ ആദ്യത്തെ രക്തസാക്ഷി എന്ന് പറഞ്ഞിട്ടില്ല. മറിച്ചു ആർ എസ് എസ്-മാർക്സിസ്റ്റ്‌ സംഘട്ടനങ്ങളിൽ ആദ്യ രക്തസാക്ഷി ആർ എസ് എസ് അവകാശപ്പെടുന്നപോലെ രാമകൃഷ്ണൻ അല്ല. കോഴിക്കോട്ടെ സിപിഎം നേതാവ് സുലൈമാൻ ആണ് ആർ എസ് എസ്സും മാർക്സിസ്റ്റ്‌ പാർട്ടിയും തമ്മിലുള്ള ഉരസലുകളിൽ ആദ്യം വധിക്കപ്പെട്ടത്. പുസ്തകത്തിലെ ഈ പരാമർശം സിപിഎം-ആർ എസ് എസ് സംഘർഷങ്ങളെ കുറിച്ച് പറയുമ്പോഴാണ് സൂചിപ്പിച്ചത്. കോൺഗ്രസ്‌ നേതൃത്വം കൊടുത്ത ഏകപക്ഷീയമായ അക്രമങ്ങളിൽ ആദ്യം രക്തസാക്ഷിയായതു സഖാവ് മൊയാരത്തു ശങ്കരനെ പോലുള്ള മുൻ ഗാന്ധീയരാണ്.

വാടിക്കൽ രാമകൃഷ്ണൻ വധക്കേസിനെ കുറിച്ച് പിണറായി വിജയനുമായി ബന്ധപ്പെട്ടു അദ്ദേഹം നടത്തിയ പരാമർശങ്ങൾ എന്റെ പുസ്തകത്തിൽ നിന്നാണെന്നു പറയുന്നു.ഇത് തെറ്റിദ്ധാരണാജനകമാണ്. ഒന്നുകിൽ അദ്ദേഹം ആ പുസ്തകം വായിച്ചില്ല അല്ലെങ്കിൽ പുസ്തകത്തിൽ ഇല്ലാത്ത കാര്യങ്ങൾ അതിൽ ഉണ്ടെന്നു ആരോപിക്കുന്നു.

മുല്ലപ്പള്ളിയെ പോലുള്ള ഒരു നേതാവിന് ചേർന്നതല്ല ഇത്തരം പ്രചാരവേല. അങ്ങേയറ്റം പ്രതിഷേധാർഹമാണ് ഇത്. കുറഞ്ഞപക്ഷം അദ്ദേഹം എന്റെ പുസ്തകത്തെപറ്റിയുള്ള തെറ്റായ പരാമർശങ്ങൾ പിൻവലിക്കുകയും മാപ്പു പറയുകയും ചെയ്യണം’.