ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “സച്ചിൻ” മാർച്ചിൽ പ്രദർശനത്തിനെത്തുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആയി പുറത്തു വിട്ടു.

അങ്കമാലി ഡയറീസ് ഫെയിം അന്നാ രേഷ്മ രാജനാണ് നായികയായി എത്തുന്നത്. അജു വർഗീസ്, ഹരിഷ് കണാരൻ, അപ്പാനി ശരത്, രമേശ് പിഷാരടി, ജൂബി നൈനാൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

എസ് എൽ പുരം ജയസൂര്യയാണ് സച്ചിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഇതിഹാസ ക്രിക്കറ്റ് താരമായ സച്ചിനോടുള്ള ആരാധനയും ചിത്രത്തിൽ ഒരു ഘടകമാകുന്നുണ്ട്.

അഡ്വക്കേറ്റ് ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം മാർച്ച് അവസാന വാരം തിയേറ്ററുകളിലെത്തും.

സച്ചിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നീൽ ഡി കുന്ന ആണ്. ഷാൻ റഹ്മാനാണ് സംഗീത സംവിധായകൻ പശ്ചാത്തല സംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആണ്. ചിത്രത്തിന്റെ ഗാനങ്ങൾ ഉടൻ പുറത്തിറങ്ങും.