ഹര്‍ത്താല്‍ ദിനത്തില്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഡോക്ടര്‍ക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മര്‍ദനം. പെരുമ്പാവൂരില്‍ വെച്ചാണ് ഡോക്ടറെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ ചെവിക്ക് പരിക്കേറ്റ ഡോക്ടര്‍ ഷെരീഫിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹര്‍ത്താല്‍ ദിനത്തില്‍ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് ഡ്യൂട്ടിക്കായി പോകുമ്പോഴായിരുന്നു ഹര്‍ത്താല്‍ അനുകൂലികളായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഡോക്ടര്‍ ഷെരീഫിന്റെ വാഹനം തടഞ്ഞത്.

താനൊരു ഡോക്ടറാണെന്നും തന്നെ പോകാന്‍ അനുവദിക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.തുടര്‍ന്ന് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പടെ കാണിച്ചെങ്കിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തന്നെ പോകാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല ചീത്ത വിളിച്ച് മര്‍ദിക്കുകയും ചെയ്തുവെന്ന് ഡോക്ടര്‍ ഷെരീഫ് പറഞ്ഞു.

മര്‍ദനത്തില്‍ ചെവിക്ക് പരിക്കേറ്റ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.ഡോക്ടറുടെ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് അന്വേഷണം തുടങ്ങി.ഇതിന്റെ ഭാഗമായി ചികിത്സയില്‍ ക!ഴിയുന്ന ഡോക്ടറുടെ മൊഴിയെടുത്തിട്ടുണ്ട്.