കാസര്‍ഗോഡ്: കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്യുകയാണ്. കൊലയാളികളെകുറിച്ച് ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് ശ്രമം.

കൊല നടന്ന സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് ബൈക്ക് സംബന്ധിച്ചും അന്വേഷണം നടത്തുന്നു. ജീപ്പിലെത്തിയ സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന വടിവാളിന്റെ പിടി സംഭവസ്ഥലത്തുനിന്ന് കണ്ടത്തി. കൊലയാളി സംഘത്തില്‍ മൂന്ന് പേരുള്ളതായാണ് നിഗമനമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് പറഞ്ഞു.

ഞായറാഴ്ച രാത്രി എട്ടോടെയാണ് പെരിയ കല്യോട്ട്, യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ എന്ന ജോഷി (25) എന്നിവര്‍ കൊല്ലപ്പെട്ടത്.