കൊല്ലം: കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന എല്‍ഡിഎഫ് കേരള സംരക്ഷണ യാത്ര തെക്കന്‍ മേഖലാ യാത്രയ്ക്ക് ഇന്ന് കൊല്ലം ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.

രാവിലെ പത്തുമണിക്ക് കൊല്ലം കരുനാഗപ്പ‍ള്ളി ലാലാജി ജംങ്ഷനില്‍ എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും അടങ്ങുന്ന ജനാവലി ജാഥയ്ക്ക് ഇന്ന് ജില്ലയിലെ ആദ്യ സ്വീകരണം നല്‍കും.

പിന്നിട്ട കേന്ദ്രങ്ങളിലെല്ലാം ജനസാഗരമാണ് ജാഥാ സ്വീകരണ കേന്ദ്രങ്ങളിലും വ‍ഴിയോരങ്ങളിലും പതിനായിരങ്ങളാണ് ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് എത്തുന്നത്.

കൊല്ലത്തിന്‍റെ വിപ്ലവവീര്യമൊന്നാകെ പ്രകടിപ്പിക്കുന്ന പ്രൗഢ ഗംഭീരമായ സ്വീകരണങ്ങള്‍ തന്നെയാവും ജില്ലയിലും ജാഥയെ വരവേല്‍ക്കുക.

കരുനാഗപ്പള്ളി ലാലാജി ജംങ്ഷനിലെ ആദ്യ സ്വീകരണത്തിന് ശേഷം ജാഥ അടുത്ത സ്വീകരണ കേന്ദ്രമായ കുന്നത്തൂര്‍ ഭരണിക്കാവിലേക്ക് നീങ്ങും വൈകുന്നേരം മൂന്ന് മണിക്കാണ് ജാഥയുടെ രണ്ടാമത്തെ സ്വികരണം.

വൈകുന്നേരം നാല് മണിക്കാണ് ജാഥയുടെ മൂന്നാമത്തെ സ്വാകരണം. കൊട്ടാരക്കര എല്‍ഐസി കോമ്പൗണ്ടില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും.

അഞ്ച് മണിക്ക് ചടയമംഗലം പ‍ഴയ കെഎസ്ആര്‍ടിസി സ്റ്റാന്‍റില്‍ നല്‍കുന്ന സ്വീകരണത്തോടുകൂടി തെക്കന്‍ മേഖലാ ജാഥയുടെ ചൊവ്വാ‍ഴ്ചത്തെ സ്വീകരണ പരിപാടികള്‍ക്ക് സമാപനമാകും.

അതേസമയം, കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.

മാമ്പറം പാലത്തിന് സമീപം നിന്നും എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് യാത്രയെ സ്വീകരിക്കും. കര്‍ഷക സമരങ്ങളുടെയും തൊഴിലാളി മുന്നേറ്റത്തിന്റെയും ചരിത്രം ഇരമ്പുന്ന കണ്ണൂരില്‍ യാത്ര ജന മുന്നേറ്റത്തിന്റെ കാഹളമാകും.

മമ്പറം എഡ്യൂക്കേഷന്‍ ട്രസ്റ്റ് മൈതാനത്താണ് വടക്കന്‍ മേഖലാ യാത്രയുടെ ചൊവ്വാഴ്ചത്തെ ആദ്യ സ്വീകരണ പൊതുയോഗം.

മമ്പറം പാലം പരിസരത്ത് നിന്നും യാത്രയെ സ്വീകരിക്കും. മമ്പറത്തെ സ്വീകരണത്തിന് ശേഷം യാത്ര പാനൂരിലേക്ക് നീങ്ങും. പാനൂര്‍ കെ എസ് ഇ ബി പരിസരത്ത് നിന്നും യാത്രയെ വരവേല്‍ക്കും.

വൈകുന്നേരം മൂന്ന് മണിക്ക് പാനൂര്‍ ബസ്റ്റാന്റിലാണ് സ്വീകരണ പൊതു യോഗം. തലശ്ശേരിയാണ് മൂന്നാമത്തെ സ്വീകരണ കേന്ദ്രം.

മഞ്ഞോടിയില്‍ നിന്നും യാത്രയെ തലശ്ശേരിയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിക്കും. വൈകുന്നേരം അഞ്ച് മണിക് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നല്‍കുന്ന സ്വീകരണത്തോടെ ചൊവ്വാഴ്ചത്തെ പര്യടനം പൂര്‍ത്തിയാകും.

ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ഇരിട്ടിയിലാണ് കണ്ണൂര്‍ ജില്ലയിലെ അവസാനത്തെ സ്വീകരണം. ഇരിട്ടിയില്‍ നായനാര്‍ സ്മാരക മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ സ്വീകരണത്തിന് ശേഷം യാത്ര വയനാട് ജില്ലയില്‍ പ്രവേശിക്കും.