കൊല്ലം: കല്ല്യോട്ട‌് രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ട വിഷയത്തിൽ പാർടിയുടെ അറിവോടു കൂടി അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായ വിധത്തില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പാർടി സംരക്ഷിക്കില്ല. പ്രതികൾ ആരായാലും നിയമത്തിനു മുന്നിൽകൊണ്ടുവരണമെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അക്രമ രാഷ്ട്രീയത്തിനെതിരെ സിപിഐ എം മുമ്പെങ്ങും ഇല്ലാത്ത രീതിയിലാണ‌് നിലപാട‌് എടുത്തിട്ടുള്ളത‌്. പാർടി പ്രവർത്തകർ യാതൊരു അക്രമങ്ങളിലും പങ്കെടുക്കരുത‌് എന്നത‌് പാർടി തീരുമാനമാണ‌്.

അത് ഉൾകൊള്ളാൻ കഴിയാത്തവർക്ക് പാർട്ടിയിൽ സ്ഥാനമില്ല. അത്തരക്കാർക്ക‌് പാർടി ഒരു സ്ഥാനവും കൊടുക്കില്ല. ആക്രമങ്ങൾ ആര‌് നടത്തിയാലും അത‌് ഒഴിവാക്കണം.

ചില മാധ്യമങ്ങളുടെ സമീപനം ഇടപതുപക്ഷ വിരുദ്ധമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന‌് പാർട്ടി ഒറ്റകെട്ടായി തീരുമാനിച്ചാലും സിപിഐ എം മാറാൻ പാടില്ല എന്ന ചില മാധ്യമങ്ങളുടെ രീതി അംഗീകരിക്കാൻ കഴിയില്ല.

പാർടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും ആക്രമിക്കുന്നവർക്കെതിരെ പൊതുമുതൽ നശിപ്പിക്കുന്ന വകുപ്പിൽ കേസ് എടുക്കുമെന്നും കോടിയേരി പറഞ്ഞു.

മോദിയെയും അമിത് ഷായെയും പറ്റി പറയാൻ മുല്ലപ്പിള്ളിക്ക് പേടിയാണ്. സിപിഐ എമ്മിനെ പറയുന്നതിൽ വിരോധമില്ല. പക്ഷെ ആ ധൈര്യം അവർക്കെതിരെക്കൂടി പറയാൻ ധൈര്യം മുല്ലപ്പിള്ളി കാണിക്കണമെന്നും കോടിയേരി പറഞ്ഞു.