തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരിക്കുന്നതിനെതിരം ഇടത് മുന്നണി പ്രത്യക്ഷ സമരത്തിലേക്ക്. ഫെബ്രുവരി 28 ന് ആയിരങ്ങ‍ളെ പങ്കെടുപ്പിച്ച് വിമാനത്താവള സംരക്ഷണ മാര്‍ച്ച് നടത്തും.

തങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടെങ്കില്‍ ബുദ്ധിമുട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിപ്പ്.

ഇടത് മുന്നണി തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കണ്‍വെന്‍ഷനിലാണ് മുഖ്യമന്ത്രി കോര്‍പ്പറേറ്റുകള്‍ക്കും, കേന്ദ്രസര്‍ക്കാരിനും മുന്നറിപ്പ് നല്‍കിയത്.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരിക്കുന്നതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരുന്നതിനിടെയാണ് ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ തിരുവനന്തപുരം ജില്ലാ കമ്മറ്റി പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നത്. ഫെബ്രുവരി 28 ന് ആയിരങ്ങൾ അണിനിരക്കുന്ന വിമാനത്താവള രക്ഷാമാർച്ച് നടക്കും.

വിമാനത്താവളത്തിലേക്ക് നടക്കുന്ന മാർച്ചിൽ വിമാനത്താവള ജീവനക്കാരും ബഹുജനങ്ങളും അണിചേരും. അതിന് മുന്നോടിയായി 25 ന് ജില്ലയിൽ കരിദിനം ആചരിക്കും.

വിൽപന യേയും വിൽപനക്ക് കൂട്ടുനിന്നവരേയും ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രക്ഷോഭം.എല്‍ഡിഎഫ് ‍‍സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി ഉത്ഘാടനം ചെയ്തു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വല്‍കരിച്ചതിന് പിന്നില്‍ കോര്‍പ്പറേറ്റ് ശക്തികളാണെന്ന് പിണറായി കുറ്റപ്പെടുത്തി.

ഇടത്പക്ഷ മുന്നണിയുടെ പ്രമുഖ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. പന്ന്യന്‍ രവീന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, നീലലോഹിതദാസന്‍ നാടാര്‍, സത്യന്‍ മൊകേരി, എന്നീവര്‍ സംസാരിച്ചു.

എതിര്‍പ്പുകള്‍ അവഗണിച്ചും ലേല നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഈ പശ്ചാത്തലത്തില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാരും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്