കണ്ണൂര്‍: ഷുക്കൂര്‍ കേസില്‍ സി ബി ഐ ക്ക് വന്‍ തിരിച്ചടി. പി ജയരാജനും ടി വി രാജേഷ് എം എല്‍ എ യ്ക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി സ്വീകരിച്ചില്ല.

കുറ്റപത്രം മടക്കിയ കോടതി വിചാരണ എറണാകുളം സി ജെ എം കോടതിയിലേക്ക് മാറ്റണം എന്നത് ഉള്‍പ്പെടെയുള്ള സി ബി ഐ യുടെ എല്ലാ ആവശ്യങ്ങളും തള്ളി.സംഘപരിവരിന്റെയും യു ഡി എഫിന്റെയും തിരഞ്ഞെടുപ്പ് അജണ്ടയായിരുന്നു ദൃതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച നടപടിയെന്ന് വ്യക്തമായതായി സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

പി ജയരാജനെയും ടി വി രാജേഷിനേയും പ്രതി ചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന സി പി ഐ എം ആരോപണം ശരി വയ്ക്കുന്നതാണ് കുറ്റപത്രം മടക്കിയ കോടതി നടപടി.സി ബി ഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം സ്വീകരിക്കാന്‍ തയ്യാറാകാത്ത കോടതി സി ബി ഐയുടെ മറ്റ് ആവശ്യങ്ങളും തള്ളി.

കേസിന്റെ വിചാരണ എറണാകുളം സി ജെ എം കോടതിയിലേക്ക് മാറ്റണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് തള്ളിയത്.നടപടികള്‍ പാലിക്കാതെ തിടുക്കത്തില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സി ബി ഐ നീക്കത്തിനാണ് തിരിച്ചടിയേറ്റത്.

നേരത്തെ എറണാകുളം സി ജെ എം കോടതിയും സി ബി ഐ അനുബന്ധ കുറ്റപത്രം മടക്കിയിരുന്നു.തുടരന്വേഷണം സി ബി ഐ ക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പ്രതി ഭാഗം സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതിന് പോലും കാത്തു നില്‍ക്കാതെയാണ് സി ബി ഐ ദൃതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.

യു ഡി എഫിന്റെയും സംഘ പരിവാറിന്റെയും രാഷ്ട്രീയ താല്‍പ്പര്യം നിറവേറ്റി കൊടുക്കുന്ന ഏജന്‍സിയായാണ് സി ബി ഐ പ്രവര്‍ത്തിക്കുന്നതെന്ന് തെളിഞ്ഞതായിസി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.