കളമശ്ശേരിയില്‍ ബാങ്ക് വായ്പ കുടിശ്ശികയുടെ പേരില്‍ പ്രീത ഷാജിയുടെ വീടും സ്ഥലവും ലേലംചെയ്ത സ്വകാര്യ ബാങ്കിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി.

ബാങ്കിന് പ്രീത ഷാജി 43 ലക്ഷത്തി അമ്പത്തിയൊന്നായിരം രൂപ അടയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

രണ്ടു കോടി 70 ലക്ഷം രൂപ കുടിശ്ശിക ഉണ്ടെന്നായിരുന്നു ബാങ്കിന്റെ നിലപാട്. ലേലം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി സംഭവത്തില്‍ നിയമനിഷേധം ഉണ്ടായതായും വിലയിരുത്തി.

ബന്ധുവിന് രണ്ട് ലക്ഷം രൂപ ബാങ്ക് വായ്പ എടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരിലായിരുന്നു പ്രീത ഷാജിയുടെ കോടികള്‍ വിലമതിക്കുന്ന വീടും സ്ഥലവും സ്വകാര്യ ബാങ്ക് ജപ്തി ചെയ്തു ലേലം ചെയ്തത് .

ലേല നടപടികളില്‍ നിയമം പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല കോടതി വിധി ഉണ്ടായത്

ആദായനികുതി നിയമം 68 (B) ബാങ്ക് അധികൃതര്‍ ലംഘിച്ചതായി കോടതി കണ്ടെത്തി. 2009 ല്‍ നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ 2014 വരെ നടപടിക്രമങ്ങള്‍ വലിച്ചുനീട്ടിയ ബാങ്ക് ഹര്‍ജിക്കാരനെ കടക്കെണിയിലാക്കി.

ഇത് നിയമവിരുദ്ധവും നീതി നിഷേധവുമാണ്. 2009 ല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ അടക്കേണ്ട തുകയായ 43 ലക്ഷത്തി അമ്പത്തി ഒന്നായിരം രൂപ ബാങ്കില്‍ അടച്ചാല്‍ മതിയാകും.

രണ്ടു കോടി 70 ലക്ഷം രൂപ അടയ്ക്കണം എന്നായിരുന്നു ബാങ്കിന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല. കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി പ്രീത ഷാജി പറഞ്ഞു. പ്രീത ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി.

പ്രീത ഷാജിയെയും കുടുംബത്തെയും വീട്ടില്‍നിന്ന് കുടിയിറക്കാന്‍ സ്വകാര്യ ബാങ്ക്അധികൃതര്‍ നടത്തിയ നീക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു