കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരളസംരക്ഷണ ജാഥ കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് പത്തനംതിട്ടയില്‍ പ്രവേശിക്കും.വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ വിശ്വസിക്കാവുന്ന പ്രസ്ഥാനം എല്‍ഡിഎഫ് മാത്രമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ജില്ലയിലുടനീളം തിളക്കമാര്‍ന്ന സ്വീകരണമാണ് ജാഥാംഗങള്‍ക്ക് ലഭിച്ചത്. കൊല്ലം, കരുനാഗപ്പള്ളി, ഭരണിക്കാവ്, കൊട്ടാരകര, ചടയമംഗലം എന്നീ മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്താല്‍ ഡല്‍ഹിയിലെത്തുമ്പോള്‍ കൈപ്പത്തി താമരയാകും. കര്‍ണാടകത്തില്‍ കാലുമാറാന്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 25 കോടിയാണ് പ്രതിഫലം പ്രഖ്യാപിച്ചത്. അഞ്ചു വര്‍ഷത്തിനിടെ വിവിധ സംസ്ഥാനങ്ങളില്‍ തൊണ്ണൂറോളം കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേക്കേറിയതെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്റ് അംഗങ്ങളെ പൊലും വിശ്വസിക്കാന്‍ പറ്റാതായി. ഇടതു പക്ഷം വുിജയിച്ചാല്‍ ബിജെപിക്ക് എതിരായി നില്‍ക്കുമെന്ന് മതനിരപേക്ഷ കക്ഷികള്‍ക്ക് അറിയാം. 2004ല്‍ വാജ്‌പേയി സര്‍ക്കാരിനെ പുറത്താക്കിയതില്‍ കേരളത്തില്‍ ഇരുപതില്‍ 18 സീറ്റ് നേടിയ എല്‍ഡിഎഫ് നിര്‍ണായക പങ്കുവഹിച്ചു. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 2004 ആവര്‍ത്തിക്കണമെന്നും കോടിയേരി പറഞ്ഞു.