കേരളത്തിന്റെ ‘അതിജീവനം’ വിളിച്ചോതി 1000 ദിനാഘോഷ വേദി

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഉദ്ഘാടനചടങ്ങിന് കോഴിക്കോട് കടപ്പുറത്ത് ഒരുങ്ങുന്നത് ‘അതിജീവനം’ പ്രമേയമായ വേദി. പ്രതിസന്ധികളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച് നവകേരള നിര്‍മാണപാതയിലുള്ള സംസ്ഥാനത്തിന്റെ ഉയിര്‍പ്പിന്റെ പ്രതീകമാകും വേദി.

പരിസ്ഥിതി സൗഹൃദവേദിയില്‍ പ്രളയകാലത്ത് കേരളത്തിന്റെ സൈന്യമായി രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികളുടെ സേവനം അനുസ്മരിപ്പിക്കാന്‍ കടലും ബോട്ടുമെല്ലാം അണിനിരക്കുന്ന വൈവിധ്യമാര്‍ന്ന പശ്ചാത്തലമാണ് വേദിയില്‍ പുനര്‍ജനിക്കുന്നത്.

ഒപ്പം പ്രളയത്തില്‍ മുങ്ങുകയും പിന്നീട് ഇച്ഛാശക്തിയും ജനകീയപിന്തുണയും കൊണ്ട് തിരിച്ചുകയറിയ ചേന്ദമംഗലം കൈത്തറി നൂലുകളും പശ്ചാത്തലത്തില്‍ വര്‍ണവൈവിധ്യങ്ങളായി ഇഴചേരും.

പ്രളയകാലത്ത് കോഴിക്കോട് നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയ രണ്ട് വള്ളങ്ങളാണ് വേദിയില്‍ പ്രതീകങ്ങളായി എത്തുക. ഇവയ്ക്ക് പിന്നില്‍ പശ്ചാത്തലമായി വേദിയിലും ഉദ്ഘാടനവേദിയുള്ള കടപ്പുറത്തും ചേന്ദമംഗലത്തെ കൈത്തറി നൂലുകള്‍ കോര്‍ത്തൊരുക്കിയിട്ടുണ്ട്.

വേദിയില്‍ കരിയിലകള്‍ ചേര്‍ത്ത് സൃഷ്ടിച്ച മനോഹരമായ പശ്ചാത്തലവും പരിസ്ഥിതി സൗഹൃദമായ ശ്രദ്ധേയമായ വൈവിധ്യമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും നടപടികളും ദൃശ്യങ്ങളായി തെളിയും.

നവകേരളത്തിലേക്ക് കേരളത്തെ കൈപിടിച്ച് ഉയര്‍ത്തുന്ന നടപടികള്‍ ത്വരിതമായി പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേരളം കടന്നുവന്ന പ്രതിസന്ധികളും ഉയര്‍ത്തെഴുന്നേല്‍പ്പും മനോഹരമായി പറയുന്നവിധമാണ് രംഗസജ്ജീകരണം.

ഇതിനനുയോജ്യമായ ദീപവിതാനവും ശബ്ദപശ്ചാത്തലവും കൂടി ചേരുമ്പോള്‍ 1000 ദിനാഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങ് വ്യത്യസ്തമായ അനുഭവമാകും ഒരുക്കുക.

പ്രതിസന്ധികളെ ജനപിന്തുണയോടെ നേരിട്ട സര്‍ക്കാരിന്റെ ഭരണമികവും നിശ്ചയദാര്‍ഢ്യവും വരച്ചുകാട്ടുന്നവിധമാകും ഉദ്ഘാടന ചടങ്ങ്.

പശ്ചാത്തലത്തിനൊരുക്കിയ നൂലിഴകളിലൂടെ മാത്രമല്ല ചേന്ദമംഗലം കൈത്തറിക്ക് ആയിരംദിനാഘോഷങ്ങള്‍ കൈത്താങ്ങാകുന്നത്.

വേദിയിലും സദസ്സിനുമുള്ള ബാഡ്ജ് ഒരുക്കിയിരിക്കുന്നതും ചേന്ദമംഗലത്തെ നൂലിഴകളാല്‍ നെയ്ത ടാഗ് ഉപയോഗിച്ചാണെന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്. സംസ്ഥാന തല ഉദ്ഘാടന ത്തിന്റെ ഒരുക്കങ്ങള്‍ എ. പ്രദീപ് കുമാര്‍ എംഎല്‍എ പരിശോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News