പാകിസ്ഥാനുമായി ലോകകപ്പ് കളിക്കാനില്ലെന്ന് ബിസിസിഐ; ഗവണ്‍മെന്റ് നിലപാട് നിര്‍ണായകം; ഐസിസി യോഗം 27ന്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കുന്ന കാര്യം സംശയത്തില്‍. പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ലോകകപ്പില്‍ പോലും പാക്കിസ്ഥാനെതിരെ കളിക്കരുതെന്ന കടുത്ത നിലപാടിലാണ് ബിസിസിഐ. മെയ് മുപ്പതിന് ആരംഭിക്കുന്ന ലോകകപ്പില്‍ ജൂണ്‍ 16-നാണ് ഇന്ത്യ പാകിസ്ഥാനെ നേരിടേണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ മത്സരം ബഹിഷ്‌കരിച്ചാല്‍ പാക്കിസ്ഥാന് വെറുതെ മത്സരത്തിന്റെ പോയിന്റ് ലഭിക്കുമെന്നേയുള്ളു. ഇനി ഏതെങ്കിലും തരത്തില്‍ ഇരു ടീമുകളും തമ്മില്‍ ഒരു ഫൈനല്‍ എന്ന നില വന്നാല്‍പ്പാലും മത്സരം ബഹിഷ്‌കരിക്കണമെന്ന നിലപാടാണ് തങ്ങള്‍ക്കെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

നേരത്തെ ഹര്‍ഭജന്‍ സിംഗ് അടക്കമുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ പോലുള്ള സംഘടനകളും ഇന്ത്യ ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പുല്‍വാമയ്ക്ക് പിന്നാലെ പാക്കിസ്ഥാനുമായി കളിക്കില്ലെന്ന് ബിസിസിഐ അംഗവും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ലയും അറിയിച്ചിരുന്നു.

അതേസമയം ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം മാറ്റമില്ലാതെ നടക്കുമെന്ന് കഴിഞ്ഞ ദിവസം ഐസിസി സിഇഒ ഡേവി റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചെങ്കിലും ഇക്കാര്യം പുന:പരിശോധിക്കുമെന്ന നിലപാടിലാണിപ്പോള് ഐ സി സി.

ഈ മാസം 27ന് ദുബൈയില്‍ നടക്കുന്ന യോഗം ഇന്ത്യാ-പാക് മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു.

സൈന്യത്തോട് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ച് 2011ല്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ലോകകപ്പ് സെമിഫൈനല്‍ കളിച്ച മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാക് താരങ്ങളുടെ ചിത്രങ്ങള്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.

പാക് പ്രധാനമന്ത്രിയും മുന്‍ ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്റേതടക്കമുള്ള ചിത്രങ്ങള്‍ ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ഇന്നലെ നീക്കം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News