ആക്ഷന്‍ ഫാമിലി ത്രില്ലർ “ഗാംബിനോസ്” നാളെ റിലീസിന് ഒരുങ്ങുന്നു. 2019 മലയാള സിനിമയിൽ പുതിയ പരീക്ഷണ തലത്തിലുള്ള ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. കഥയിലും മേക്കിങ്ങിലും വേറിട്ട ചലനങ്ങളുമായി ഈ വർഷം പ്രദർശനത്തിനെത്തിയ എത്തിയ വിജയ് സൂപ്പറും പൗർണ്ണമിയും, നയനും , കുമ്പളങ്ങി നൈറ്റ്‌സും , ജൂണുമൊക്കെ ബോക്സ് ഓഫീസിലും നിരൂപകർക്കുമിടയിലും സൂപ്പർഹിറ്റാണ്‌. അതുപോലെ ത്രില്ലർ ഇഷ്ടപെടുന്ന ആരാധകർക്ക് വേണ്ടി നവാഗതനായ ഗിരീഷ് പണിക്കർ മട്ടട ഒരുക്കുന്ന ചിത്രമാണ് ‘ഗാംബിനോസ്’ .

ഇറ്റാലിയന്‍ അധോലോക കുടുംബത്തിന്റെ കഥ മലയാളത്തിലേക്ക് ആവിഷ്‌കരിച്ചു കൊണ്ടാണ് ചിത്രം കഥ പറയുന്നത്. അമേരിക്കയില്‍ സ്ഥിരതമാസമാക്കിയ ഇറ്റാലിയന്‍ അധോലോക കുടുംബമായിരുന്നു ഗാംബിനോസ്. ഒരു തെളിവുകളും അവശേഷിപ്പിക്കാതെ കൊലപാതകം നടത്തിയിരുന്ന ഗാംബിനോസിനെ പോലീസിനും പേടിയായിരുന്നു.

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയനാണ് ചിത്രത്തിലെ നായകന്‍. സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി എന്ന ടാഗ്‌ലൈനോടെ വരുന്ന ചിത്രത്തിൽ രാധിക ശരത്കുമാർ , ശ്രീജിത്ത് രവി, നീരജ, സിജോയ് വര്‍ഗീസ്, സാലു കെ ജോര്‍ജ്, തമിഴ് നടന്‍ സമ്പത്ത് എന്നിവരാണ് മറ്റ് താരങ്ങള്‍. ഓസ്ട്രേലിയൻ ഫിലിം കമ്പനിയായ കംഗാരു ബ്രോഡ്കാസ്റ്റിംങ്ങിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം. സക്കീർ മഠത്തിൽ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.