മുംബൈ: ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയിൽ പ്രത്യേകം തയാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി അഗ്‌നിപകർന്ന സമയത്ത് തന്നെയാണ് മുംബൈയിലും അതേ ചിട്ട വട്ടങ്ങളോടെ തിരി പകർന്നത്.

ആറ്റുകാൽ ക്ഷേത്രത്തിൽ പോയി പൊങ്കാലയിടുവാൻ കഴിയാത്ത ഭക്തർക്ക് നഗരത്തിൽ സംഘടിപ്പിച്ച പൊങ്കാല മഹോത്സവങ്ങൾ അനുഗ്രഹമായി.

വിശ്വാസത്തിന്റെ അഗ്നിയിൽ മനസർപ്പണത്തിന്റെ നൈവേദ്യം പാകപ്പെട്ടു തുടങ്ങിയതോടെ ആയിരങ്ങൾ ഭക്തി നിർവൃതിയിൽ ആറാടി. നൂറു കണക്കിന് ഭക്തരുടെ പ്രാര്‍ത്ഥനയും സമര്‍പ്പണവും ഒത്തു ചേർന്നപ്പോൾ മഹാനഗരത്തിലെ മൈതാനങ്ങളും യാഗശാലയായി മാറി.

നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നെത്തിയ വിവിധ പ്രായക്കാരും ഭാഷക്കാരുമായ സ്ത്രീജനങ്ങൾ ഒരേ മനസോടെയാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത്. മനസിന് ലഭിക്കുന്ന സന്തോഷവും സമാധാനവുമാണ് പൊങ്കാല സമർപ്പിക്കാൻ ഇവരെയെല്ലാം ഇവിടെയെത്തിക്കുന്നത്.

കേരളത്തിന്റെ തെക്കൻ നാടുകളിൽ മാത്രം ആദ്യകാലങ്ങളിൽ പ്രചരിച്ചിരുന്ന പൊങ്കാല മറുനാടുകളിൽ കൂടി വ്യാപിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് മുംബൈയിലെ വിവിധയിടങ്ങളിൽ നടന്ന പൊങ്കാല മഹോത്സവം.

ആറ്റുകാലമ്മയുടെ തിരുനടയിൽ ഇരുന്നു പൊങ്കാല സമർപ്പിക്കാൻ ഭാഗ്യം ലഭിക്കാത്ത മുംബൈയിലെ ആയിരകണക്കിന് സ്ത്രീകൾ ആണ് മഹാനഗരത്തിൽ പൊങ്കാല ഇട്ട് മനം നിറച്ച് മടങ്ങിയത്