ഭക്തിയുടെ നിറവിൽ പൊങ്കാല പുണ്യം നേടി ഭക്തലക്ഷങ്ങൾ. ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെ നഗരം യാഗശാലയായി മാറി. ഭക്തർക്ക് സംരക്ഷണമേകി സർക്കാരും നഗരസഭയും മികവ് പുലർത്തി.

പതിവ് ക്ഷേത്ര പൂജകൾക്ക് ശേഷം പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം, തോറ്റംപാട്ടുകാർ പാടിക്കഴിഞ്ഞതോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായത്.)

ശ്രീകോവിലിൽ നിന്ന് തന്ത്രി പകർന്നുനൽകിയ തീ, മേൽശാന്തി ചെറിയ തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ കത്തിച്ചു. പിന്നീട് സഹ മേൽശാന്തി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിലും തീ പകർന്നു.

തുടർന്ന് അസംഖ്യം അടുപ്പുകളിലേക്ക് തീ പകർന്നതോടെ ഭക്തമനസ്സിനൊപ്പം നഗരഹൃദയവും അതേറ്റുവാങ്ങി. ഒറ്റ മനസ്സോടെ തോളോടുതോൾ ചേർന്ന് ദേവിയുടെ ഇഷ്ട വിഭവങ്ങൾ ഭക്തർ തയ്യാറാക്കി. പതിവ് തെറ്റിക്കാതെ ഇത്തവണയും പൊങ്കാലയിടാൻ സെലിബ്രിറ്റികളുടെ നിര തന്നെയുണ്ടായിരുന്നു.

ഗിന്നസ് സംഘവും പുതിയ കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പൂർണ്ണമായും ഹരിത ചട്ടം പാലിച്ച പൊങ്കാലയിൽ പൊലീസ്, ആരോഗ്യം, വൈദ്യുതി, ജല വകുപ്പുകളുടെയും നഗരസഭയുടെയും പ്രവർത്തനവും മികവുറ്റതായി.

ഉച്ചയ്ക്ക് 2.15 നായിരുന്ന പൊങ്കാല നിവേദ്യം. ഭക്തിപൂർവം ഒരുക്കിയ വിഭവങ്ങളിന്മേൽ പുണ്യാഹമായി ആറ്റുകാലമ്മയുടെ അനുഗ്രഹം. ദേവീസവിധത്തിൽ സ്വയം പൊങ്കാലയായി എരിഞ്ഞ, തിളച്ചുതൂവിയ മനസ്സുകൾ നിർവൃതിയോടെ മടങ്ങി.