ലോങ്ങ് മാർച്ചിന് തുടക്കം; അനുമതി നിഷേധിച്ചു ഫഡ്‌നാവിസ് സർക്കാർ; ചർച്ചക്ക് ഗിരീഷ് മഹാജൻ നാസിക്കിലേക്ക്; കർഷകരെ വഴിയിൽ തടഞ്ഞും കള്ളക്കേസുകൾ ചുമത്തിയും പോലീസ് – Kairalinewsonline.com
Big Story

ലോങ്ങ് മാർച്ചിന് തുടക്കം; അനുമതി നിഷേധിച്ചു ഫഡ്‌നാവിസ് സർക്കാർ; ചർച്ചക്ക് ഗിരീഷ് മഹാജൻ നാസിക്കിലേക്ക്; കർഷകരെ വഴിയിൽ തടഞ്ഞും കള്ളക്കേസുകൾ ചുമത്തിയും പോലീസ്

ബി ജെ പി സർക്കാരിന്റെ അനീതിക്കെതിരെ അഖിൽ ഭാരതീയ കിസാൻ സഭയും ഇടതുപക്ഷവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

മുംബൈ : മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ചിനെ പൊലീസ് തടഞ്ഞു. സമരത്തിനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി.

മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നാസിക്കിലേക്ക് എത്തിയ കര്‍ഷകരെയാണ് പൊലീസ് തടഞ്ഞിരിക്കുന്നത്.

കര്‍ഷകര്‍ ഒത്തുകൂടിയ മുംബൈയിലെ മൈതാനത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ സമരവുമായി മുന്നോട്ടുതന്നെ പോകുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ അധ്യക്ഷന്‍ അശോക് ധാവ്‌ള പറഞ്ഞു.

കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിൽ നിന്നും ആരംഭിക്കാനിരുന്ന ലോങ്ങ് മാർച്ചിൽ വിറളി പൂണ്ട ഫഡ്‌നാവിസ് സർക്കാർ ആദ്യ നടപടിയായി കർഷകരുടെ സഞ്ചാര സ്വാതന്ത്ര്യവും റാലി നടത്താനുള്ള അനുമതിയും നിഷേധിച്ചു.

മഹാരാഷ്ട്രയുടെ വിവിധയിടങ്ങളിലായി കർഷകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞു വച്ചു ബുദ്ധിമുട്ടിക്കുന്ന റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

നാസിക് മുംബൈ ഹൈവേയിലൂടെ കടന്നു പോകുന്ന റാലി മാർഗ തടസ്സം സൃഷ്ടിക്കുമെന്ന വാദം പറഞ്ഞാണ് സർക്കാർ അനുമതി നിഷേധിച്ചിരിക്കുന്നത്.

കിസാൻ സഭയുമായി ചർച്ച ചെയ്യുവാൻ മന്ത്രി ഗിരീഷ് മഹാജൻ മുംബൈയിൽ നിന്നും പുറപ്പെട്ടു. എന്നാൽ തടഞ്ഞു വച്ചിരിക്കുന്ന കർഷകരെ നാസിക്കിലെത്താൻ അനുവദിക്കാതെ ചർച്ചയില്ലെന്ന നിലപാടാണ് കിസാൻ സഭ അറിയിച്ചത്.

കിസാൻ സഭയുടെ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി ഡോ അജിത് നവളെയുടെ മേൽ നിരവധി കള്ളക്കേസുകൾ ചുമത്തിയാണ് കഴിഞ്ഞ ഏഴു ദിവസമായി സർക്കാരും പോലീസും ബുദ്ധിമുട്ടിക്കുന്നത്.

ബി ജെ പി സർക്കാരിന്റെ അനീതിക്കെതിരെ അഖിൽ ഭാരതീയ കിസാൻ സഭയും ഇടതുപക്ഷവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഇന്ന് താനെ – പാൽഘർ ജില്ലകളിൽ നിന്നും ലോംഗ് മാർച്ചിൽ അണി ചേരുവാൻ നാസിക്കിലേക്കു തിരിച്ച പതിനായിരക്കണക്കിന് കർഷകരെ സർക്കാർ നിർദ്ദേശ പ്രകാരം ജവഹർ, ഡഹാണു, ദുംധൽവാഡി, വിക്രംഗഡ്, കസാറാ തുടങ്ങിയ ഇടങ്ങളിൽ തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് കിസാൻ സഭ പ്രസിഡന്റ് ഡോ അശോക് ധാവളെ അറിയിച്ചത്.

കഴിഞ്ഞ അഞ്ചു മണിക്കൂറായി കർഷകർ പൊരി വെയിലത്ത് വിവിധയിടങ്ങളിലായി കുരുങ്ങി കിടക്കുന്നതായാണ് അറിയുവാൻ കഴിയുന്നത്.

കർഷകരുടെ ശക്തമായ പ്രതിക്ഷേധങ്ങളുടെ ഫലമായി ചിലയിടങ്ങളിൽ പോകുവാനള്ള അനുവാദം കൊടുത്തുവെങ്കിലും അഹമ്മദ് നഗർ ജില്ലയിൽ ദിവസങ്ങളായി കർഷകരെ പോലീസ് ഭീകരമാം വിധം പീഡിപ്പിക്കുന്നുവെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്.

To Top