സൗദിയിലുള്ള വിദേശികള്‍ക്ക് വ്യക്തിപരമായി മുതല്‍ മുടക്കാനും മുതല്‍ മുടക്കുന്ന സ്ഥാപനങ്ങളില്‍ അവര്‍ക്ക് നിയമ പരമായി ജോലി ചെയ്യുന്നതിനും അവസരം ഒരുക്കുന്നതിന് വിദേശികളില്‍ നിന്നു തന്നെ സാധ്യത പഠനം നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. സൗദി നിക്ഷേപ അതോറിറ്റി, സൗദി ആഭ്യന്തര മന്ത്രാലയം തുടങ്ങിയ വകുപ്പുകളോടാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിദേശ കമ്പനികള്‍ മുഖേനയാണ് രാജ്യത്ത് നിലവില്‍ നിക്ഷേപം നടത്താന്‍ നിയമം അനുവദിക്കുന്നത്.

രാജ്യത്ത് നടക്കുന്ന ബിനാമി ബിസിനസ്സ് രംഗം അവസാനിപ്പിക്കാനും ശക്തമായ നടപടിക്കും രാജകീയ നിര്‍ദേശമുണ്ട്. ഇതനുസരിച്ച് പത്ത് വകുപ്പുകള്‍ സംയുക്തമായി രാജ്യത്ത് നടക്കുന്ന ബിനാമി ബിസിനസ്സ് രംഗം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി നിലവിലുള്ള ബിനാമി ബിസിനസ്സ് നിയമം 90 ദിവസത്തിനകം ഭേദഗതി ചെയ്യും.

നിയമ പരമായി വിദേശ നിക്ഷേപത്തില്‍ ഏര്‍പെട്ടവര്‍ക്ക് പരിപൂര്‍ണ പരിരക്ഷ നല്‍കുന്ന നിലക്കായിരിക്കും ഭേദഗതി. ബിനാമി ബിസിനസ്സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശക്തമായ ശിക്ഷ നല്‍കാന്‍ ഭേദഗതിയില്‍ നിര്‍ദേശമുണ്ടാവും. അനധികൃതമായി ബിസിനസ്സ് രംഗത്ത് ഏര്‍പ്പെടുന്നത് തടയാന്‍ സകാത്, നികുതി വകുപ്പുമായി ചേര്‍ന്നു ഇലക് ട്രോണിക് ബില്ല് നിര്‍ബന്ധമാക്കും.

പതിനെട്ട് മാസത്തിനകം ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിനാവശ്യമെങ്കില്‍ വിദേശ വിദഗ്ദരുടെ സഹായം സഹകരണം ലഭ്യമാക്കണം. ഏതെല്ലാം മേഖലയിലാണ് ബിനാമി ബിസിനസ്സ് നടക്കുന്നതെന്ന് കണ്ടെത്താന്‍ പഠനം നടത്തുകയും ആ മേഖലയില്‍ സ്വദേശി വത്കരണം ശക്തമാക്കാനാനും നിര്‍ദേശിക്കുന്നു.

ബക്കാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും അവ പുതുക്കുന്നതിനുള്ള നിയമം പുന പരിശോധിച്ചു ഭേദഗതി ചെയ്യാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. നിബന്ധനകള്‍ പൂര്‍ത്തിയായാല്‍ 30 ദിവസത്തിനകം ബക്കാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയത്തോട് രാജാവ് നിര്‍ദേശിച്ചു.

നിബന്ധനകള്‍ പൂര്‍ത്തിയാക്കാത്ത ബക്കാലകള്‍ക്ക് അവ പൂര്‍ത്തിയാക്കി നിയമപരമാക്കാന്‍ 24 മാസത്തെ സമയം അനുവദിക്കാനും നിര്‍ദേശമുണ്ട്. ബിനാമി ബിസിനസ്സ് അവാസാനിപ്പിക്കുന്നതിനു ആവശ്യമായ നടപടികള്‍ക്കു സംയുക്തമായി പ്രവര്‍ത്തിക്കുവാന്‍ പത്ത് വകുപ്പുകളോടാണ് സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചിരിക്കുന്നത്.