കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചീട്ട് നല്‍കിയ റഫേല്‍ ഉത്തരവിനെതിരായ പുനപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ പുതിയ ബഞ്ച് രൂപീകരിക്കുമെന്ന് സുപ്രീംകോടതി.

തെറ്റായ വിവരങ്ങള്‍ നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആവശ്യപ്പെടുന്ന ഹര്‍ജികളും തുറന്ന് കോടതിയില്‍ വാദം കേള്‍ക്കും.

അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പുനപരിശോധന ഹര്‍ജികള്‍ പ്രത്യേക ബഞ്ച് രൂപീകരിച്ച് സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. വിധിന്യായത്തിലെ തെറ്റുകള്‍ക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കി പ്രതിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം.

റഫേല്‍ ഇടപാടിലെ ക്രമക്കേടുകള്‍ അനുദിനം പുറത്ത് വരുന്ന പശ്ചാത്തലത്തിലാണ് മുന്‍പത്തെ വിധിന്യായം തുറന്ന കോടതിയില്‍ പുനപരിശോധിക്കാന്‍ സുപ്രീംകോടതി തയ്യാറായിരിക്കുന്നത്.

ഡിസംബര്‍ 14ലെ റഫേല്‍ വിധിന്യായത്തിലെ തെറ്റുകള്‍ ചൂണ്ടികാണിച്ചുള്ള ഹര്‍ജി പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് മുമ്പില്‍ പരാമര്‍ശിച്ചു.

മറുപടി പറഞ്ഞ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി, ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ പുതിയ ബഞ്ച് രൂപീകരിക്കുമെന്ന് വ്യക്തമാക്കി. വിധി പറഞ്ഞ ജസ്റ്റിസുമാര്‍ അവരുടെ ചേമ്പറുകളില്‍ പുനപരിശോധന അപേക്ഷകളില്‍ തീരുമാനം എടുക്കുക എന്ന പതിവ് രീതിയില്‍ നിന്നും മാറി അപൂര്‍വമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ പുതിയ ബഞ്ച് പുനപരിശോധന ഹര്‍ജികള്‍ക്കായി രൂപീകരിക്കാറുള്ളു.

നേരത്ത കേസില്‍ വാദം കേട്ട ജസ്റ്റിസുമാര്‍ എല്ലാവരും പുതിയ ബഞ്ചില്‍ ഉള്‍പ്പെടാനുള്ള സാധ്യതയും കുറവ്. റഫേല്‍ പ്രതിരോധ ഇടപാടിനെക്കുറിച്ച് തുടര്‍ന്വേഷണം തള്ളിയും പ്രതിരോധ മന്ത്രാലയത്തിന് ക്ലീന്‍ ചീട്ട് നല്‍കിയുമായിരുന്നു ഡിസംബര്‍ 14ലെ വിധി.

ഈ നിഗമനങ്ങളിലെത്താനുള്ള കാരണങ്ങളെക്കുറിച്ച് വിധിന്യായത്തില്‍ പരാമര്‍ശിക്കുന്ന ഭാഗത്താണ് തെറ്റ് കണ്ടെത്തിയത്. റഫേല്‍ ഇടപാടിനെക്കുറിച്ച് സി.എജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും അത് പരിശോധിച്ച പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കരാറില്‍ പ്രശ്‌നമില്ലെന്ന് വിലയിരുത്തിയെന്നും വിധിന്യായത്തില്‍ പറയുന്നു.

എന്നാല്‍ അതിനും രണ്ട് മാസം കഴിഞ്ഞായിരുന്നു സിഎജി തയ്യാറാക്കിയത്. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാകട്ടെ ഇതുവരെ പരിശോധിച്ചിട്ടുമില്ല. സീല്‍ കവര്‍ നടപടി പ്രകാരം കേന്ദ്രം രഹസ്യമായി സമര്‍പ്പിച്ച സത്യാവാങ്ങ്മൂലങ്ങള്‍ വഴി തെറ്റ്ദ്ധാരണ ഉണ്ടെക്കിയെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.ഇതിന് കാരണക്കാരനായ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിക്കെതിരെ നടപടിയും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

ആവശ്യങ്ങളെല്ലാം തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന സുപ്രീംകോടതി തീരുമാനം കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുന്നു.