പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സൈനികര്‍ വീരമൃത്യു വരിച്ച സമയത്ത് ഇതൊന്നും അറിയാത്ത പ്രധാനമന്ത്രി ജിം കോര്‍ബെറ്റ് പാര്‍ക്കില്‍ പ്രചരണ വീഡിയോയുടെ ചിത്രീകരണത്തില്‍ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ചിത്രീകരണ ഫോട്ടോ ഉള്‍പ്പെടെ കോണ്‍ഗ്രസ് പുറത്ത് വിട്ടു. മോദി കപട ദേശീയവാദിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

പുല്‍വാമ ഭീകരാക്രമണം നടന്നതിന് തൊട്ട് പിന്നാലെ ഇതൊന്നുമറിയാത്ത മട്ടില്‍ പരസ്യചിത്രീകരണങ്ങളിലും യോഗങ്ങളിലും പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ഫെബ്രുവരി 14ന് 3.10ന് ഭീകരാക്രമണമുണ്ടായി 3.14ഓട് കൂടി വാര്‍ത്തകള്‍ പുറത്ത് വന്നു. എന്നാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഈ സംഭവം അറിഞ്ഞ ശേഷവും ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ തന്റെ പ്രശസ്തിക്കായുള്ള വീഡിയോ ചിത്രീകരണത്തിലായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.

തെളിവുകളായി ചിത്രങ്ങളും ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്ത് വിട്ടു. വൈകുന്നേരം 6 മണിവരെ മോദി ചിത്രീകരണം തുടര്‍ന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.

രാജ്യം ഞെട്ടിയിരിക്കുന്ന സമയത്ത് മോദി ഡിസ്‌കവറി ചാനല്‍ സംഘത്തോടൊപ്പം ബോട്ട് സവാരി നടത്തി,സംഭവം നടന്ന ശേഷവും അണികളുടെ മുദ്രാവാക്യം വിളി കേട്ട് അഭിവാദ്യം ചെയ്തു, രാംഗഡിലെ pwd ഗസ്റ്റ് ഹൗസില്‍ ഇതൊന്നും അറിയാത്ത മട്ടില്‍ ചായ കുടിച്ചിരിക്കുകയായിരുന്നു മോദിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

രാജ്യം പ്രതിസന്ധിയിലിരിക്കെ പ്രധാനമന്ത്രി ഇപ്പോള്‍ നടത്തുന്ന വിദേശ പര്യടനത്തെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. തന്റെ പ്രചരണവും പ്രശസ്തിയിലും മാത്രമാണ് മോദിക്ക് ശ്രദ്ധ. മോദി കപടദേശീയവാദിയാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറ്റപ്പെടുത്തി

വീരമൃത്യു വരിച്ച ജവാന്‍മാരുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി എംപി സാക്ഷി മഹാരാജ് എന്നിവര്‍ക്കെതിരെയും കോണ്‍ഗ്രസ് രംഗത്തെത്തി.