പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട ശേഷം മോദി ഉദാസീനമായി പെരുമാറിയതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദാസീനമായി പെരുമാറിയതിന് കൂടുതല്‍ തെളിവുകള്‍. സംഭവം നടന്ന ശേഷം മോദി ഉത്തരാഖണ്ഡില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു.

വാര്‍ത്ത വന്ന് മൂന്ന് മണിക്കൂറിന് ശേഷവും ചാനല്‍ ചിത്രീകരണത്തിലായിരുന്ന മോദി പ്രൈം മിനിസ്റ്റര്‍ അല്ല പ്രൈം ടൈം മിനിസ്റ്റര്‍ ആണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

പുല്‍വാമ സംഭവം നടന്ന് 2 മണിക്കൂര്‍ കഴിഞ്ഞുള്ള പാര്‍ട്ടി റാലിയില്‍ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ഒരു വാക്ക് സംസാരിക്കുകയോ മൗനാചാരണത്തിന് നിര്‍ദേശിക്കുകയോ ചെയ്തില്ലെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇതിന് തെളിവായി
ഉത്തരാഖണ്ഡിലെ ബിജെപി റാലിയെ മോദി മൊബൈലിലൂടെ അഭിസംബോധന ചെയ്യുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു.

പുല്‍വാമയില്‍ അക്രമം നടന്നത് മോദി അറിഞ്ഞിരുന്നോ? അറിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിനെ പറ്റി ജനങ്ങള്‍ എന്തു മനസിലാക്കണമെന്നാണ് കോണ്ഗ്രസ് ഉന്നയിക്കുന്ന ചോദ്യം. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വീഴ്ചയിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നതാണ് കോണ്‍ഗ്രസ് ആരോപണം. ദേശ സുരക്ഷയിലെ സ്വന്തം വീഴ്ച മറയ്ക്കാനുള്ള മോദിയുടെ നീക്കം രാജ്യം ചോദ്യം ചെയ്യുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ഭീകരാക്രമണ വാര്‍ത്ത വന്ന ശേഷവും മോദി സ്വകാര്യ ചാനലിന് വേണ്ടി ഷൂട്ടിങ്ങില്‍ വ്യാപൃതനായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ജവാന്‍മാരുടെ കുടുംബം ദുഃഖത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ ഇങ്ങനെ ചെയ്ത പ്രധാനമന്ത്രി പ്രൈം ടൈം മിനിസ്റ്ററാണ്. ഫോട്ടോ ഷൂട്ട് സര്‍ക്കാര്‍ എന്ന അടിക്കുറിപ്പോടെയാണ് രാഹുലിന്റെ വിമര്‍ശനം.

ആക്രമണം നടന്ന ദിവസം നരേന്ദ്ര മോഡി ഷൂട്ടിഗിലും ബോട്ടിങ്ങിലും വ്യാപൃതനായ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെയും മോഡിയെയും ഒരേപോലെ ലക്ഷ്യം വച്ചു ആരോപണങ്ങള്‍.

കാലാവസ്ഥാ, സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം അരമണിക്കൂറോളം വൈകിയാണ് പ്രധാനമന്ത്രി വിവരം അറിഞ്ഞതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.അങ്ങനെയെങ്കില്‍ റാലിയില്‍ എന്ത് കൊണ്ട് മോദി വിഷയത്തെക്കുറിച്ച് പരമാര്‍ശിച്ചില്ലെന്ന ചോദ്യം അപ്പോഴും നിലനില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News