കൈരളി ടിവിയുടെ വാര്‍ത്ത തുടങ്ങുന്നു; എഡിറ്റ് ചെയ്യാത്ത ടേപ്പിലെ ദൃശ്യങ്ങള്‍; ഒരാളില്‍ നിന്ന് വലിയൊരാള്‍ക്കൂട്ടത്തിലേയ്ക്ക് ദൃശ്യങ്ങള്‍ നിലവിളിയായി പെയ്യുകയായിരുന്നു

കേരളത്തെ നടുക്കിയ ഒരു ദിവസത്തിന്റെ നേരനുഭവം. അതു ജനങ്ങളിലെത്തിച്ച ധീരമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ഓര്‍മ്മകള്‍. കൈരളി ന്യൂസ് ടീം അംഗമായിരുന്ന ഷാജി പട്ടണം പകര്‍ത്തുന്നു.

ഷാജിയുടെ അനുഭവക്കുറിപ്പ് പൂര്‍ണ്ണമായി വായിക്കാം:

ഓര്‍മയിലുണ്ടോ ആ വെടിയൊച്ച ! 2003 കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് ട്രാന്‍സ്ഫറായി വന്നതിന്റെ മൂന്നാംപക്കമാണ് വയനാട്ടിലെ മുത്തങ്ങയിലെത്തുന്നത്. ഒരു ഓംനി വാനില്‍ ചുരം കയറി തുടങ്ങി. ആ യാത്രയില്‍ പത്രങ്ങളിള്‍ നിന്നാണ് മുത്തങ്ങയിലെ ആദിവാസി സമരത്തിന്റെ ഒരേകദേശ രൂപം എനിക്കു കിട്ടിയത്.

മുത്തങ്ങ ചെക്പോസ്റ്റില്‍ കര്‍ശന പരിശോധനയുണ്ടായിരുന്നു. പൊലീസ് വണ്ടികള്‍, മാധ്യമങ്ങളുടെ വാഹനങ്ങള്‍, വലിയൊരു ജനക്കൂട്ടം ഇതായിരുന്നു മുത്തങ്ങ ചെക്പോസ്റ്റിന് മുന്നിലെ കാഴ്ച. മാധ്യമ പ്രവര്‍ത്തകരെ കാടിനകത്തേക്ക് കയറ്റാതെ പൊലീസ് വഴിതിരിച്ചു വിടുന്നു.

അടിവാരത്തു നിന്ന് വാങ്ങിയ പൊതിച്ചോറുമായി ക്യാമറയും തൂക്കി അധികമാരുടെയും കണ്ണില്‍പ്പെടാതെ ഞാന്‍ മരങ്ങളുടെ മറപറ്റി നടന്നു. ഉച്ച കഴിഞ്ഞിരുന്നു. ഒരു മരതണലിലിരുന്നു പൊതിച്ചോറു തുറന്നു. കുറച്ചടുത്തായി ഒരു ഫോറസ്റ്റ് വാച്ചര്‍ ഉണ്ടായിരുന്നു. പ്രായമുള്ള മനുഷ്യന്‍. പൊതിച്ചോറില്‍ നിന്ന് പകുതി കഴിക്കാന്‍ അദ്ദഹത്തെ വിളിച്ചു ഞാന്‍.

വേണ്ടെന്ന് പറഞ്ഞെങ്കിലും എന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒപ്പമിരുന്ന് കഴിച്ചു. വയനാട്ടിലെ കാട്‌നെകുറിച്ചും, മൃഗങ്ങളെകുറിച്ചും, ആനതാരകളെകുറിച്ചും, വിവിധങ്ങളായ സസ്യജന്തുക്കളെകുറിച്ചുമൊക്കെ കാടിന്റെ കാവല്‍ക്കാരന്‍ സംസാരിച്ചു. കുറച്ചു ദിവസം മുമ്പ് ഒരു ആദിവാസി പെണ്‍കുട്ടിയെ കുറച്ചു പേര്‍ ചേര്‍ന്ന് ഉപദ്രവിച്ചിരുന്നു.

ഇതേചൊല്ലി ആദിവാസികളും, ഫോറസ്റ്റ്കാരും തമ്മില്‍ ഒരു തര്‍ക്കമുണ്ടായിരുന്നു. ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന ആദിവാസികളെ ഈ സംഭവം വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇത് ഇരുവര്‍ക്കുമിടയിലെ അകല്‍ച്ച കൂട്ടിയെന്ന് വാച്ചര്‍ പറഞ്ഞു.

കാടിന്റെ ഏതാണ്ടൊരു ഭൂമിശാസ്ത്രം പൊതിച്ചോര്‍ പങ്കിടലിനിടെ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് മനസ്സിലാക്കിയിരുന്നു. വിക്ടര്‍ ജോര്‍ജ്ജ് എന്ന ഫോട്ടോഗ്രാഫറുടെ കൂടെ ഇടുക്കി കാടുകളില്‍ പോയ പരിചയമേ അതുവരെ എനിക്കുണ്ടായിരുന്നുള്ളൂ.

വയനാടന്‍ കാട് അതില്‍ നിന്നും തികച്ചും വ്യത്യസ്തമാായിരുന്നു. നമ്മളെത്ര ഓടി ഒളിക്കാന്‍ ശ്രമിച്ചാലും പിടി വിടാതെ നില്‍ക്കുന്ന മുളങ്കൂട്ടങ്ങളായിരുന്നു വയനാട്ടിലെ മുത്തങ്ങയുടെ പ്രത്യേകത.

മൊബൈല്‍ ഫോണിന് അത്ര റേഞ്ചില്ല. കൂടെയുണ്ടായിരുന്ന ആര്‍ സുഭാഷിനെ ഇടക്ക് വിളിച്ചു. കാടിനുള്ളിലേക്ക് പോകണ്ട എന്ന കര്‍ശന നിര്‍ദ്ദേശമായിരുന്നു സുഭാഷിന്റെ വിളിയില്‍. പോകാന്‍ തന്നെ തീരുമാനിച്ചു.

അപ്പോഴേക്കും മൊബൈല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ്ജ് കഴിഞ്ഞിരുന്നു. ഓരോ ഇല്ലികൂട്ടങ്ങള്‍ക്കപ്പുറത്തും കാട്ടാന കൂട്ടത്തെ പ്രതീക്ഷിച്ചു കൊണ്ടായിരുന്നു യാത്ര. കിലോമീറ്ററുകളോളം നടന്നു.

അപ്പോഴാണ് ദുരെയായി മുദ്രാവാക്യം വിളി കേള്‍ക്കാന്‍ തുടങ്ങിയത്. ആ വിളി ലക്ഷ്യമാക്കി നടന്നു. അവിടെ എത്തുംമുമ്പ് കുറച്ച് ആദിവാസി ചെറുപ്പക്കാര്‍ എന്നെ വളഞ്ഞിട്ട് പിടിച്ച് ഉന്തിതള്ളി അവരുടെ ഷെഡ്ഡിലേക്ക് കൊണ്ടുപോയി. ഫോറസ്റ്റ് യൂനിഫോമിട്ട് രണ്ട് പേര്‍ കൈ കെട്ടിയിട്ട് നിലയില്‍. ഞാന്‍ എത്തും മുമ്പ് അവിടെഒരു സംഘര്‍ഷം നടന്നതിന്റെ തെളിവുകള്‍ കാണാനായി. ഷെഡ്ഡില്‍ ചില ചോര തുണികള്‍.

ആദിവാസികളില്‍ ചിലരുടെ കൈയും കാലുമൊക്കെ പച്ചമരുന്ന് വെച്ച് കെട്ടുന്നുണ്ട്. മുദ്രാവാക്യം വിളിയുടെ ശബ്ദം കൂടിവന്നു. ആദിവാസികളില്‍ ചിലര്‍ അടുത്തുവന്നു പറഞ്ഞു കാട് വിട്ട് പോകണമെന്ന്. ഞാന്‍ ഫോറസ്റ്റ്കാര്‍ക്കൊപ്പമല്ല, ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് പുറം ലോകത്തോട് വിളിച്ചു പറയാന്‍ വന്ന ക്യാമറാമാനാണെന്ന് പറഞ്ഞു. എങ്കിലും അവരുടെ സംശയം വിട്ടുപോയിരുന്നില്ല. എന്നെ അവിടെ നിന്ന് പുറത്താക്കി.

ഞാന്‍ ദൂരെ ഒരു മരച്ചോട്ടിലിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും മുദ്രാവാക്യത്തിന്റെ ശക്തി കൂടി. അതെന്താണെന്ന് നോക്കുമ്പോഴാണ് നൂറുകണക്കിന് പൊലീസുകാര്‍ യുദ്ധസമാനമായപോലെ കാട് വളയുന്നത് കണ്ടത്. ആദിവാസികള്‍ അലറി വിളിക്കാന്‍ തുടങ്ങി.

താഴെ നിന്നാല്‍ ഒന്നുകില്‍ പൊലീസുകാര്‍, അല്ലെങ്കില്‍ ആദിവാസികള്‍ ഇവരാരെങ്കിലും ഉപദ്രവിക്കുമെന്ന് തോന്നിയ ഞാന്‍ ഒരു മരത്തിന് മുകളില്‍ സുരക്ഷിത ഇടം കണ്ടെത്തി.

പൊലീസ് ആദിവാസികളുണ്ടാക്കിയ ഷെഡ്ഡിലേക്ക് ഇരച്ചു കയറി. അമ്പും വില്ലുമാായി ആദിവാസികള്‍ ചെറുത്തു നിന്നുനോക്കി. എന്നാല്‍ പൊലീസുകാരുടെ തോക്കിന്റെ പ്രകമ്പനമായിരുന്നു പിന്നീട് ആ കാട്ടില്‍ കേട്ടത്.

ഇതിനിടയില്‍ ഷെഡ്ഡിന് പൊലീസ് തീവെച്ചു. കുട്ടികളെയും, മുതിര്‍ന്നവരെയും കൊണ്ട് തീപിടിച്ച ഷെഡ്ഡില്‍ നിന്ന് ആദിവാസിികള്‍ ഇറങ്ങിയോടി. അവരെ ഓടിച്ചിട്ട് തല്ലി പൊലീസ്, പലതവണ വെടിശബ്ദം ഉയര്‍ന്നു. മരത്തിലിരുന്ന് നടക്കുന്നതെല്ലാം ക്യാമറയില്‍ പകര്‍ത്തി. ഇതിനിടയിലാണ് ഒരു മഫ്തി പൊലീസ് ഓഫീസറുടെ ശ്രദ്ധയില്‍ ഞാന്‍പെട്ടത്.

മരത്തില്‍ നിന്ന് ഇറങ്ങാനാവശ്യപ്പെട്ടു. മരത്തിലേക്ക് തോക്കും ചൂണ്ടി നില്‍ക്കുന്ന ഒരു സംഘം പൊലീസുകാര്‍. താഴെയിറങ്ങിയില്ലെങ്കില്‍ വെടിവെച്ച് വീഴ്ത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. ഞാനിറങ്ങി. ഈ ഇറക്കത്തിനിടയില്‍ ക്യാമറയില്‍ നിന്ന് ടേപ്പ് ഇജക്റ്റ് ചെയ്ത് ജീന്‍സിന്റെ പോക്കറ്റിലിട്ടു. പെട്ടെന്ന് തന്നെ മറ്റൊരു ടേപ്പ് ക്യാമറയില്‍ ഇടുകയും ചെയ്തു.

താഴെയിറങ്ങി കീഴടങ്ങി. താഴെയെത്തും മുമ്പ് വലിച്ചിറക്കുകയായരുന്നു. ബൂട്ടിട്ട കാലുകള്‍ കൊണ്ട് എന്നെ ചവിട്ടി പിടിച്ചു. ക്യാമറ വാങ്ങി പൊലീസുകാരനോട് ടേപ്പ് എടുക്കാന്‍ ഒരാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്യാമറയില്‍ നിന്ന് ഇജക്റ്റ് ചെയ്യാന്‍ ആ പൊലീസുകാര്‍ക്ക് അറിയില്ലായിരുന്നു. എന്റടുത്താവശ്യപ്പെട്ടു,ഞാന്‍ ഊരികൊടുത്തു.

തെളിവ് കിട്ടിയ സ്ഥിതിക്ക് എന്നെ വെറുതേ വിടാന്‍ പറഞ്ഞു. ആദിവാസികളുടെ പിറകേ ഓടിയ പൊലീസുകാരെ തിരഞ്ഞു നടന്നു ഞാന്‍. കുറേ നടന്നപ്പോള്‍ ശബ്ദം കേട്ടു തുടങ്ങി. പോക്കറ്റിലെ നാലാമത് ടേപ്പെടുത്ത് ക്യാമറയിലിട്ടു.

ഒരു ആദിവാസി സ്ത്രീ, അവര്‍ക്കു ചുറ്റും പൊലീസുകാര്‍. തോക്ക് കണ്ട് പേടിച്ച് ഉടുതുണിയില്‍ മൂത്രമൊഴിച്ചുപോയി പാവം സ്ത്രീ. സംസാരശേഷിയില്ലായിരുന്നു അവര്‍ക്ക് എന്ന് പിന്നീടാണ് മനസ്സിലായത്.

വെടിശബ്ദം കേട്ടു പിന്നെയും, കുറേ പേര്‍ നിലത്തു വീണു കിടക്കുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴാണ് ആദ്യം എന്നെ പിടികൂടിയ പൊലീസുകാരന്‍ വീണ്ടും രംഗത്തെത്തിയത്. ഇക്കുറി എന്നെ പിടികൂടാന്‍ തന്നെ ആ ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടു. കുറേപേര്‍ ഓടിയെത്തി. ക്യാമറ തല്ലിപൊളിച്ചു. ബൂട്ടിട്ട കാലുകള്‍ കൊണ്ട് എന്നെ ചവിട്ടികൂട്ടി.

പൊട്ടിയക്യാമറയും തോളില്‍ തൂക്കി കാട്ടിലൂടെ ഓടി. വീണു. വീണ്ടും എണീറ്റ് ഓടി വീണ്ടും വീണു. ഓട്ടത്തിനിടയില്‍ ഭാര്യയും, ഭര്‍ത്താവും, കുട്ടിയും അടങ്ങുന്ന ഒരു ആദിവാസി കുടുംബത്തെ ഒരു പൊലീസുകാരന്‍ ബലം പ്രയോഗിച്ച് പിടിച്ചു വെച്ചിരിക്കുന്നത് കണ്ടു. കുഞ്ഞില്ലേ, അവരെ പോകാന്‍ അനുവദിച്ചൂടേയെന്ന് പൊലീസുകാരനോട് ്അപേക്ഷിച്ചു നോക്കി ഞാന്‍. അവരെ വിട്ട് പിന്നെ എന്റെ നേര്‍ക്കായി പൊലീസുകാരന്റെ കൈയേറ്റം.

തോക്കിന്‍പാത്തികൊണ്ട് എന്റെ മുഖത്തടിച്ചു. ശരീരത്തിലെ ഓരോ ഭാഗത്തും മര്‍ദ്ദനമേറ്റു. ഇതിനിടയില്‍ കുഞ്ഞിനെയും കൊണ്ട് ഓടികൊള്ളാന്‍ ഞാനവരോട് പറഞ്ഞു. ഇത്കേട്ട് അരിശം വന്ന ഉദ്യോഗസ്ഥന്‍ തോക്ക് കൊണ്ട് എന്റെ തലയ്ക്ക് അടിക്കാന്‍ നോക്കി. ഞാന്‍ ഒഴിഞ്ഞുമാറി. എന്നാല്‍ എന്റെ ക്യാമറയുടെ ലെന്‍സിനെ ചോരനിറത്തിലാക്കി ആ സ്ത്രീയുടെ തല തോക്കിന്‍ പാത്തിയുടെ അടിയില്‍ പൊട്ടിപ്പോയി.

ചോരയൊലിക്കുന്ന തലയുമായി ആ സ്ത്രീയെയും കൂട്ടി, കുഞ്ഞിനെയും കൊണ്ട് ആ ആദിവാസി ചെറുപ്പക്കാരന്‍ കാടുകള്‍ക്കിടയിലേക്ക് മറഞ്ഞു. ദുരെയെവിടെയോ ആദിവാസികളുടെ നിലവിളി മുഴങ്ങി കേള്‍ക്കുന്നുണ്ടായിരുന്നു.

ഒരു പാടു ദൂരം കാട്ടിലൂടെ സഞ്ചരിച്ച് റോഡിലെത്തി. രാത്രിയായിരുന്നു അപ്പോഴേക്കും. ദിക്കോ, ദിശയോ അറിയാന്‍ കഴിയുന്നില്ല. ദേഹമാസകലം സഹിക്കാനാകാത്ത വേദന. തലങ്ങും വിലങ്ങും പൊലീസ് വണ്ടികള്‍ പായുന്നു. വാഹനങ്ങളുടെ വെളിച്ചം കാണുമ്പോള്‍ മരത്തിന് മറപറ്റി നില്‍ക്കും ഞാന്‍.

ഇതിനിടയില്‍ ഒരു ബൈക്കിന്റെ ശബ്ദം കേട്ടു. കൈ കാണിച്ച് കാര്യം പറഞ്ഞു. അയാളെന്നെ ഒരു ജംക്ഷനില്‍വിട്ടു. ബസ്സു വരുന്ന സമയംവരെ ഇരുട്ടില്‍ നിന്നു. ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും, ക്യാമറയില്‍ നിന്നും ടേപ്പുകള്‍ ഊരി ന്യൂസ്പേപ്പറില്‍ പൊതിഞ്ഞു വെച്ചു.

ബസ്സ് വന്നപ്പോള്‍ ഡ്രൈവര്‍ക്ക് ഇത് കൊടുത്തു. ബൂത്തില്‍ കയറി കോഴിക്കോട്ടെ ഓഫീസിലേക്ക് വിളിച്ച് ബസ്സ് നമ്പര്‍, അത് കോഴിക്കോട്ടെത്തുന്ന സമയം ഇതെല്ലാം പറഞ്ഞു കൊടുത്തു. എനിക്കായി തെരച്ചില്‍ നടക്കാന്‍ ഇടയുണ്ട്.

തെളിവ് നശിപ്പിക്കാന്‍ വേണ്ടി എന്നെ അവര്‍ക്ക് ആവശ്യമുണ്ടെന്ന് മനസ്സിലായതുകൊണ്ടാണ് ആ ബസ്സില്‍ കയറാതെ ടേപ്പ് ഭദ്രമായി കൊടുത്തു വിട്ടത്. പിന്നീട് പല വാഹനങ്ങളിലായി മാറി മാറി സഞ്ചരിച്ച് ബത്തേരിയിലെത്തി.

ബത്തേരിയിലെ ഒരു കടയില്‍ നിന്ന് മുണ്ടും ഷര്‍ട്ടും തോര്‍ത്തും വാങ്ങി. കീറിയ ഷര്‍ട്ടും ജീന്‍സും മാറ്റി. മഞ്ഞു കൊള്ളാതിരിക്കാന്‍ തോര്‍ത്ത് തലയില്‍ കെട്ടി പെട്ടികടയില്‍ നിന്ന് ഒരു ചൂടുചായയും കുടിച്ച് നില്‍ക്കുമ്പോഴാണ് നീലവാനിന്നു കീഴിലായ് മലയാളിതന്‍ തീരഭൂവിതാ…ജാലകം തുറന്നീടുക..മലയാളമാം ദൃശ്യചാരുതേ… കേള്‍ക്കുന്നത്.

കൈരളി ടിവിയുടെ വാര്‍ത്ത തുടങ്ങുന്നു. എഡിറ്റ് ചെയ്യാത്ത ടേപ്പിലെ ദൃശ്യങ്ങള്‍ ആദ്യമായി കൈരളി ടിവി എയര്‍ ചെയ്്തു. ഒരാളില്‍ നിന്ന് വലിയൊരാള്‍ക്കൂട്ടത്തിലേയ്ക്ക് ആ ദൃശ്യങ്ങള്‍ നിലവിളിയായി പെയ്യുകയായിരുന്നു. ആരെയും ശ്രദ്ധിക്കാതെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇരുട്ട് മൂടി കിടക്കുന്ന റോഡിലേക്കിറങ്ങി നടന്നു……….

വയനാടിന്റെ തണുപ്പ് കൂടികൂടി വരുന്നുണ്ട്………………………………………………..

അങ്ങനെ ജീവനുള്ള കഥകള്‍ ഒരുപാടുണ്ട് ഫോട്ടോഗ്രാഫര്‍ സിനിമ, പണ്ടു എംഎല്‍എ കാന്റീന്‍ നടത്തിയിരുന്ന മുഹമ്മദ് ഇക്കയുടെ വീട്ടിലെ ഒളിവ്ജീവിതം .

സഖാവ് പിണറായിയുടെ കൂടെയുള്ള വയനാടന്‍ യാത്ര, കൈരളി ചെയര്‍മാന്‍ മമ്മൂട്ടിയുടെയും സഖാവ് വിഎസിന്റെ ശക്തമായ വാക്കുകള്‍ നിലപാടുകള്‍ ഇടപെടലുകള്‍ അങ്ങനെ ഒരുപാടുണ്ട്. അങ്ങനെ ഒരുപാട് പേരുമുണ്ട് ഓര്‍മ്മയില്‍.
2017 ല്‍ ഒരിക്കല്‍ക്കൂടി വയനാടന്‍ ചുരം കയറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News