കൊലയ്ക്ക് പകരം കൊല എന്നത് സിപിഐഎമ്മിന്റെ നയമല്ലെന്ന് കോടിയേരി; പെരിയ കൊലപാതകത്തെ തുടര്‍ന്ന് സിപിഐഎം സ്വീകരിച്ച നിലപാട് മാതൃകാപരം; സാമുദായിക നേതാക്കളുടെ മാടമ്പിത്തരം പാര്‍ട്ടിയോട് വേണ്ട

ആലപ്പുഴ: കൊലയ്ക്ക് പകരം കൊല എന്നത് സിപിഐഎമ്മിന്റെ നയമല്ലെന്നും ചില സാമുദായിക നേതാക്കളുടെ മാടമ്പിത്തരം പാര്‍ട്ടിയോട് വേണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള സംരക്ഷണയാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു കോടിയേരി.

കേരളം രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടാണ് എന്നത് മാറണം. പെരിയ കൊലപാതകത്തെ തുടര്‍ന്ന് സിപിഐഎം സ്വീകരിച്ച നിലപാട് മാതൃകാപരമാണ്. ഈ നിലപാട് പിന്തുടരാന്‍ മറ്റ് രാഷ്ട്രീയ കക്ഷികള്‍ തയ്യാറുണ്ടോയെന്നും കോടിയേരി ചോദിച്ചു.

പാര്‍ടികള്‍ തമ്മില്‍ രാഷ്ട്രീയ സംവാദം ആണ് നടക്കേണ്ടത്. എല്ലാ പാര്‍ടികള്‍ക്കും എവിടേയും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാകണം. അക്രമം വഴി ഒരു പാര്‍ട്ടിയേയും നശിപ്പിക്കാന്‍ കഴിയില്ല. അങ്ങിനെയെങ്കില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. അത്രമാത്രം കമ്മ്യുണിസ്റ്റുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സിപിഐഎം അക്രമത്തിന് എതിരാണ്.

സാമുദായസംഘടനാ മാടമ്പികളുടെ പിന്നാലെ നടക്കേണ്ട ഗതിക്കേട് പാര്‍ടിക്കില്ലെന്നും ചില സമുദായ നേതാക്കളുടെ മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതിയെന്നും അത് പാര്‍ട്ടിയോട് വേണ്ടെന്നും എന്‍എസ്എസിനെ പരമാര്‍ശിച്ച് കോടിയേരി പറഞ്ഞു. സാമുദായിക സംഘടനയിലെ സാധാരണക്കാര്‍ സിപിഐഎമ്മിനൊപ്പമാണ്.

പണ്ടുകാലത്തെ തമ്പ്രാന്‍ക്കര്‍മാരുടെ നിലപാടാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക്. എല്ലാ സംഘടനാ പാര്‍ടികളിലും പ്രവര്‍ത്തിക്കുന്നവര്‍ ഉള്ള സാമുദായിക സംഘടനയാണ് എന്‍എസ്എസ്. എന്നിട്ടാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഈ നിലപാട് എടുക്കുന്നത്.

അമിത് ഷാ കേരളത്തില്‍ വന്ന് പറഞ്ഞ വാക്കുകള്‍ ശുദ്ധ അസംബന്ധമാണ്. കല്ലുവെച്ച നുണയാണ്. പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് നല്‍കിയ അരിക്ക് പോലും കേന്ദ്രം പണം വാങ്ങി. കേരളത്തിനോട് വൈര്യനിര്യാതന സമീപനമാണ് കേന്ദ്രത്തിന്.

ആര്‍എസ്എസിനും കോണ്‍ഗ്രസിനും ഒരേ നിലപാടാണ്. ഇന്നലെ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി രാമക്ഷേത്രവിഷയത്തില്‍ പ്രകടിപ്പിച്ച അഭിപ്രായം ആണോ കേരളത്തിലെ യുഡിഎഫിനുള്ളത്.

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം വന്‍വിജയം നേടും.അതില്‍ സംശയമില്ല. ചില മാധ്യമ മേധാവികള്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News