കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണയാത്ര കോട്ടയത്ത് പ്രവേശിച്ചു; വൈക്കത്ത് പ്രവേശിച്ച ജാഥയ്ക്ക് ലഭിച്ചത് അത്യുജ്ജ്വലമായ സ്വീകരണം

കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണയാത്ര കോട്ടയം ജില്ലയില്‍ പ്രവേശിച്ചു. ആലപ്പുഴയിലെ പര്യടനം പൂര്‍ത്തിയാക്കി കേരളത്തിന്റെ നവോത്ഥാന കവാടമായ വൈക്കത്ത് പ്രവേശിച്ച ജാഥയ്ക്ക് അത്യുജ്ജ്വലമായ സ്വീകരണമാണ് ബോട്ട് ജെട്ടി മൈതാനത്ത് നല്‍കിയത്. കോട്ടയം ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും

വികസനോന്മുഖതയും മതനിരപേക്ഷതയും ഉയര്‍ത്തി പ്രയാണമാരംഭിച്ച തെക്കന്‍ മേഖല ജാഥയ്ക്ക് വൈക്കത്ത് അത്യുജ്വല സ്വീകരണമാണ് ലഭിച്ചത്. മത്സ്യത്തൊഴിലാളികളും കയര്‍ത്തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരും പ്രളയ ദുരിതത്തില്‍ നിന്ന് കരകയറിയ ജനങ്ങളും ജാഥയെ വരവേല്‍ക്കാനെത്തി. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും രാജ്യത്ത് ഇടതുപക്ഷത്തിന്റെ പ്രസക്തിയും നയവും വ്യക്തമാക്കുന്നതായിരുന്നു ജാഥാ ക്യാപ്റ്റന്‍ കോടിയേരി ബാലകൃഷ്ണന്റ പ്രസംഗം.

കായലോരവും മലയോരവും ഒന്നിക്കുന്ന കോട്ടയത്തിന്റെ ഹൃദയ ഭൂമികയെ ചുവപ്പിച്ച് രണ്ടുദിവസം ജില്ലയില്‍ ജാഥയുടെ പര്യടനം നടക്കും. രാവിലെ 11ന് കുറുപ്പന്തറ ചന്ത മൈതാനത്താണ് ആദ്യ സ്വീകരണം. ഉച്ചയ്ക്ക് 3 ന് പാലാ ന്യൂ ബസാര്‍, വൈകീട്ട് 4ന് ഏറ്റുമാനൂര്‍ കോവില്‍ പാടം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ജാഥ കോട്ടയം തിരുനക്കര മൈതാനിയില്‍ എത്തിച്ചേരും.

ജില്ലയിലെ ആദ്യ ദിന പര്യടനം കോട്ടയത്ത് സമാപിക്കും. തിങ്കളാഴ്ച്ച രാവിലെ 11 ചങ്ങനാശേരിയിലെ പെരുന്നയിലും വൈകീട്ട് മൂന്നിന് പൊന്‍കുന്നത്തും നാലിന് മുണ്ടക്കയത്തും കേരള സംരക്ഷണ യാത്രയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് ഇടുക്കി ജില്ലയിലേക്ക് ജാഥ പ്രവേശിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News