രാഷ്ട്രീയ പ്രവേശന സൂചന നല്‍കി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര

രാഷ്ട്രീയ പ്രവേശന സൂചന നല്‍കി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ആരോപണങ്ങള്‍ അവസാനിക്കുന്നതോടെ ജനങ്ങളെ സേവിക്കുന്നതില്‍ കൂടുതല്‍ പങ്ക് വഹിക്കണമെന്ന് താന്‍ കരുതുന്നുവെന്നായിരുന്നു വദ്രയുടെ ട്വീറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ കുറ്റാരോപിതനാണ് വദ്ര. വദ്ര രാഷ്ട്രീയത്തിലിറങ്ങിയാല്‍ കള്ളപ്പണകേസ് പ്രതിയെ സംരക്ഷിച്ചു,കോണ്‍ഗ്രസില്‍ വീണ്ടും കുടുംബാധിപത്യം തുടങ്ങിയ ആരോപണങ്ങള്‍ പാര്‍ട്ടിക്കെതിരെ കനക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തിരിക്കെയാണ് പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും രാഷ്ട്രീയ പ്രവേശനം നടത്തുന്നുവെന്ന പരസ്യ സൂചന നല്‍കിയത്. തന്റെ പേരുപയോഗിച്ച് രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും അവസാനിക്കുന്നതോടെ ജനങ്ങളെ സേവിക്കുന്നതില്‍ കൂടുതല്‍ പങ്ക് വഹിക്കണമെന്ന് താന്‍ കരുതുന്നു.

ഇതായിരുന്നു വദ്രയുടെ ട്വീറ്റ്. കേരളത്തില്‍ പ്രളയകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ച ട്വീറ്റില്‍ വദ്ര നടത്തിയെന്നു പറയുന്ന വിവിധ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് താല്‍പര്യം എന്നും ട്വീറ്റില്‍ പറയുന്നു. മുന്‍പ് പ്രിയങ്കയേക്കാള്‍ സജീവ രാഷ്ട്രീയ പ്രവേശനത്തിന് താല്‍പര്യം കാണിച്ചത് വദ്രയായിരുന്നു.

പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായതോടെ നീക്കം ഒഴിവാക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ശേഷവും കുറ്റാരോപിതനായ തനിക്കൊപ്പം പ്രിയങ്ക നിന്നതും, വദ്രയ്‌ക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാട് കോണ്‍ഗ്രസും സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ പ്രവേശന മോഹം വദ്ര പൊടിതട്ടിയെടുത്തത്.

കേസുകളില്‍ കാര്യമായ തുമ്പുണ്ടാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വേട്ടയാടലിന്റെ ഇരയായി എന്ന സഹതാപവും സ്വന്തമാക്കാം. വദ്രയെ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയത്തിലിറക്കുന്നത് കോണ്‍ഗ്രസിന് അധികഭാരമാകും.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലെ കുറ്റാരോപിതനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നു, പാര്‍ട്ടിയില്‍ ഗാന്ധി, വദ്ര കുടുംബാധിപത്യം വീണ്ടും തുടങ്ങിയ ആരോപണങ്ങളെ കോണ്‍ഗ്രസ് നേരിടേണ്ടിവരും. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം വദ്രയെ രാഷ്ട്രീയത്തിലിറക്കാനാകും രാഹുലിന്റെ നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News