കാശ്മീരില്‍ യുദ്ധസമാനമായ അന്തരീക്ഷം;150 ലേറെ ഹുറിയത്ത്ജമാത്ത് നേതാക്കളെ തടങ്കലിലാക്കി

കാശ്മീരില്‍ യുദ്ധസമാനമായ അന്തരീക്ഷം, 150 ലേറെ ഹുറിയത്ത്ജമാത്ത് നേതാക്കളെ തടങ്കലിലാക്കി. ദക്ഷിണ കാശ്മീരില്‍ യുദ്ധം മുന്നില്‍ കണ്ട് ജനങ്ങള്‍ ആഹാരവും ഇന്ധനങ്ങളും ശേഖരിക്കുന്നു.ജാതിമത വര്‍ഗിയ ചിന്തകള്‍ വിട്ട് തീവ്രവാദത്തിനെതിരെ പോരാടാന്‍ എല്ലാവരും ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തില്‍ ആവശ്യപ്പെട്ടു.പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദിയുടെ അവസാന മന്‍കി ബാത്ത് ഇന്ന് പൂര്‍ത്തിയായി.

രണ്ട് വിഷയങ്ങളില്‍ കാശ്മീരിലെങ്ങും ആശങ്കകള്‍ ശക്തമാകുന്നു. പുല്‍വാമ സ്‌ഫോടനത്തിന്റെ തിരിച്ചടിയും ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന അനുശ്ചേദം എടുത്ത് കളയണമെന്ന ഹര്‍ജിയും.

ഹര്‍ജി സുപ്രീംകോടതി ഈയാഴ്ച്ച പരിഗണിക്കും.പ്രത്യേക പദവി വേണ്ടന്ന് കേന്ദ്രവും പദവി നിലനിറുത്തണമെന്ന് കാശ്മീരിലെ നേതാക്കളും ആവശ്യപ്പെടുന്നുണ്ട് അനുകൂല തീരുമാനമല്ലെങ്കില്‍ പ്രക്ഷോഭം ഉണ്ടാകാം.

ഇത് മുന്നില്‍ കണ്ട് ഹുറിയത്ത് ജമാത്ത് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. 150 ലേറെ പേര്‍ കാശ്മീര്‍ പോലീസിന്റെ തടവില്‍ ആണെന്നാണ് കണക്ക്. പുല്‍വാമയ്ക്ക് മറുപടി നല്‍കാനുള്ള സൈന്യനീക്കങ്ങളും കേന്ദ്രം സജീവമാക്കി.വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി നൂറ് അര്‍ദ്ധ സൈനീക വിഭാഗങ്ങളെ വിന്യസിച്ചിരുന്നു.

ബോര്‍ഡര്‍ സെക്യുരിറ്റി ഫോഴ്‌സിന് ശ്രീനഗറിന്റെ ചില കേന്ദ്രങ്ങളുടെ സുരക്ഷ ചുമതല നല്‍കി. പതിനാല് വര്‍ഷത്തിന് ശേഷമാണ് ഇത്. യുദ്ധസാഹചര്യം മുന്നില്‍ കണ്ട് ദക്ഷിണ കാശ്മീരില്‍ ജനങ്ങള്‍ ആഹാരവും ഇന്ധനവും ശേഖരിക്കുന്നു. പെട്രോള്‍ പമ്പിലെങ്ങളും നീണ്ട ക്യൂ കാണാം.കാശ്മീരികള്‍ പരിഭ്രാന്തിയിലാണന്ന് ഒമ്മര്‍ അബ്ദുള ട്വീറ്റ് ചെയ്തു.

ആഹാര സാധനങ്ങള്‍ സംഭരിക്കുകയാണ്. ചില സര്‍ക്കാര്‍ ഉത്തരവുകള്‍ ഭയപ്പെടുത്തുകയാണന്നും അദേഹം വിമര്‍ശിച്ചു. അതേ സമയം യുദ്ധത്തിന് മുമ്പ് വിളിച്ച കൂട്ടുന്ന ഇന്ത്യന്‍ അറ്റാഷമാരുടെ യോഗം കേന്ദ്ര സര്‍ക്കാര്‍ നാളെ ചേരും. 44 രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളിലെ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

രണ്ട് ദിവസമായി നടക്കുന്ന യോഗത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതും പ്രത്യാക്രമണവും ചര്‍ച്ചയാകും. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ വിളിച്ചയോഗത്തില്‍ ആര്‍മി മേധാവിമാരും സംബന്ധിക്കും.പ്രധാനമന്ത്രി എന്ന നിലയിലുള്ള അവസാന മന്‍ കി ബാത്ത് നടത്തിയ മോദി ജാതി മത വര്‍ഗിയ വേര്‍തിരിവില്ലാതെ എല്ലാവരും തീവ്രവാദത്തിനെതിരെ ഒറ്റകെട്ടായി പോരാടണമെന്ന് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here