സ്ത്രീകള്‍ക്കും എഴുത്തുകാര്‍ക്കുമെതിരായ അസഹിഷ്ണുത കേരളത്തിന് അപമാനം; വി.ടി ബല്‍റാം എം.എല്‍.എയെ നിലയ്ക്ക് നിര്‍ത്താന്‍ കോണ്‍ഗ്രസ്സ് തയ്യാറാകണം: ഡി.വൈ.എഫ്.ഐ

ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞതുമായ മഹത് വ്യക്തിത്വങ്ങളെ അവഹേളിച്ചു ആത്മസുഖം തേടുന്ന ഏതോ മാനസിക വൈകല്യം ബല്‍റാമിനെ ബാധിച്ചിരിക്കുകയാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും രാജ്യം ആദരിക്കുന്ന പ്രമുഖ സാഹിത്യകാരിയുമായ കെ.ആര്‍ മീരയെ പരസ്യമായി തെറിവിളിയ്ക്കാന്‍ ആഹ്വാനം ചെയ്തത് മലയാളികളുടെ ക്ഷമയെ പരിശോധിക്കുന്ന കാര്യമാണ്.

സ്ത്രീകള്‍ക്കും എഴുത്തുകാര്‍ക്കുമെതിരായ അസഹിഷ്ണുത കേരളത്തിന് അപമാനമാണ്. കാസര്‍ഗോഡ് കൊലപാതകത്തില്‍ ഉള്‍പ്പെടെ സി.പി.ഐ.എമ്മിനെ വിവിധ സന്ദര്‍ഭങ്ങളില്‍ വിമര്‍ശിച്ചിട്ടുണ്ട് കെ.ആര്‍ മീര. ഏതൊരാളെയും,രാഷ്ട്രീയ പാര്‍ട്ടികളെയും വിമര്‍ശിക്കാനും സ്വതന്ത്രമായി അഭിപ്രായം പറയാനും ഏതൊരാള്‍ക്കും ഇവിടെ സ്വാതന്ത്ര്യം ഉണ്ട്.

സി.പി.ഐ(എം) നേതാക്കളുടെ സാന്നിധ്യത്തിലാണ് കണ്ണൂരില്‍ വെച്ച് പാര്‍ട്ടിയെ വിമര്‍ശിച്ച് കെ.ആര്‍ മീര സംസാരിച്ചത്.ഇക്കഴിഞ്ഞ ദിവസങ്ങളിലും, ബല്‍റാം തെറിവിളിയ്ക്ക് ആഹ്വാനം ചെയ്ത പോസ്റ്റിലും സി പി.ഐ.എമ്മിനെ മീര വിമര്‍ശിക്കുന്നുണ്ട്. പക്ഷേ ഒരു ഇടതുപക്ഷ നേതാവും അവരെ കടന്നാക്രമിക്കുകയോ തെറി വിളിക്കുകയോ ചെയ്തില്ല.

ബല്‍റാം പ്രകടിപ്പിക്കുന്നത് കോണ്ഗ്രസ്സിന്റെ രാഷ്ട്രീയ സംസ്‌കാരം തന്നെയാണോ എന്ന് മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കണം.കോണ്‍ഗ്രസ്സ് നേതാക്കളെപ്പോലും സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് തെറിയഭിഷേകം നടത്തുന്ന ശീലം പാര്‍ട്ടിയ്ക്ക് പുറത്തുള്ളവരോട് വേണ്ട.

എഴുതാനും അഭിപ്രായം പറയാനും വി.ടി ബല്‍റാമിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാന്‍ ഇവിടെയാരും ഉദ്ദേശിക്കുന്നില്ല. അത്തരമൊരു ഗതികേട് കേരളത്തിനില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷും സെക്രട്ടറി എ.എ റഹീമും പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News