റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നിരക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജി എസ് ടി കൗണ്‍സില്‍

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നിരക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജി എസ് ടി കൗണ്‍സില്‍. സാധാരണക്കാരുടെ ഭവന നിര്‍മാണത്തിനുള്ള ജിഎസ്ടി 1 ശതമാനമാക്കിയും 45 ലക്ഷത്തിന് മുകളില്‍ ഉള്ള വീടുകളുടെ ജിഎസ്ടി 5 ശതമാനവുമാക്കി കുറച്ചു.

അതേസമയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലോട്ടറി ജിഎസ്ടി ഏകീകരണം ഇത്തവണയും നടപ്പായില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ഇടത്തരക്കാരെ ലക്ഷ്യമാക്കിയുള്ള തീരുമാനങ്ങളാണ് ജിഎസ്ടി കൗണ്‍സിലിലുണ്ടായത്. സാധാരണക്കാരുടെ ഭവന നിര്‍മാണത്തിനുള്ള ജിഎസ്ടി 8 ശതമാനത്തില്‍ നിന്ന് 1 ശതമാനമാക്കി കുറച്ചു. 45 ലക്ഷം രൂപയില്‍ കുറഞ്ഞ നിര്‍മാണ ചെലവുള്ള വീടുകളെയാണ് കുറഞ്ഞ ചെലവുള്ള വീടുകളായ് പരിഗണിക്കുക.

നഗര മേഖലയില്‍ 60 ചതുരശ്ര മീറ്ററും നഗരങ്ങള്‍ക്ക് പുറത്ത് 90 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്കുമാണ് ഇളവുണ്ടാകുക. 45 ലക്ഷത്തിന് മുകളിലുള്ള വീടുകളുടെ ജിഎസ്ടി 5 ശതമാനം ആക്കിയും കുറച്ചു.

ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഇല്ലാതെയാണ് ഇളവുകള്‍. ഏപ്രില്‍ ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തിലാകും. ഇളവുകള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കാര്യമായ ഉണര്‍വുണ്ടാക്കും.

അതേസമയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ലോട്ടറി ജിഎസ്ടി ഏകീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഇക്കുറിയും പരാജയപ്പെട്ടു. നികുതി ഏകീകരണം പുനഃപരിശോധിക്കാനായി വിഷയം മന്ത്രിതല സമിതിക്ക് വിട്ടു.

പഞ്ചാബ്,പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളും കേരളത്തെ പിന്തുണച്ചു. മന്ത്രിതല സമിതിയിലും എതിര്‍പ്പ് തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here