620 അതിഥി തൊഴിലാളികള്‍ക്ക് താമസസൗകര്യമൊരുക്കി കേരളം അച്ഛാദിന്‍ സമ്മാനിച്ചു

620 അതിഥി തൊഴിലാളികള്‍ക്ക് താമസസൗകര്യമൊരുക്കിയാണ് കേരളം അച്ഛാദിന്‍ സമ്മാനിച്ചത്. 8.5 കോടി രൂപ ചെലവില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ അപ്‌നാഘര്‍ കഞ്ചിക്കോട്ട് അഭിമാനത്തോടെയാണ് മുഖ്യമന്ത്രി നാടിനുവേണ്ടി സമര്‍പ്പിച്ചത്. 2014ല്‍ മോഡിയില്‍ നിന്നും തൊഴിലാളികള്‍ അടക്കമുള്ളവര്‍ അച്ഛാദിന്‍ എന്ന വാഗ്ദാനം കേട്ടിരുന്നു.

അത് കേവലമൊരു ജലരേഖയായി മാറി. ബിജെപിയും കോണ്‍ഗ്രസ്സും ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കാന്‍ വരുന്നതിന് കാരണം ‘അച്ഛാലൈഫും’ ‘അച്ഛാസാലറി’യും ‘അച്ഛാ അക്കമഡേഷനും’ മൂലമാണ്.

അന്യസംസ്ഥാന തൊഴിലാളികളെന്നും ഇതര സംസ്ഥാന തൊഴിലാളികളെന്നും നേരത്തെ വിളിച്ചിരുന്നവര്‍ക്ക് ‘അതിഥി തൊഴിലാളികള്‍’ എന്ന നാമകരണം നല്‍കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. അത് മലയാളികളുടെ ഉന്നതമായ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളില്‍ പലയിടങ്ങളിലും വര്‍ഗീയവിദ്വേഷത്തിലൂടെ ‘അന്യരെ’ കൊലപ്പെടുത്തിയും ആക്രമിച്ചും കീഴ്‌പെടുത്തുമ്പോള്‍ കേരളം അതിഥികളായിക്കണ്ടു മാറോടുചേര്‍ത്തുപിടിക്കുന്നു. അപ്‌നാഘര്‍ ഏതാനും ചിലര്‍ക്കുള്ള താമസസൗകര്യം മാത്രമല്ല, നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതീയ കാഴ്ചപ്പാടിന് ശവപ്പെട്ടിയടിക്കുന്ന സംഘപരിവാറിനുള്ള മറുപടിയും താക്കീതും കൂടിയാണ്.

എല്‍.ഡി.എഫ് മാനിഫെസ്‌റ്റോവില്‍ ഇപ്രകാരം പറയുന്നു ”ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ന്യായമായ നിരക്കില്‍ വൃത്തിയും വെടിപ്പുമുള്ള പാര്‍പ്പിടം നല്‍കുന്നതിനാവശ്യമായ സാമൂഹ്യസുരക്ഷാപദ്ധതി തയ്യാറാക്കും”. വാഗ്ദാനം പാലിക്കാനുള്ളതാണെന്ന് ഇതിനകം നിരവധി പ്രവര്‍ത്തനങ്ങളിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചുകഴിഞ്ഞതാണ്. 2016ലെ തെരഞ്ഞെടുപ്പ് സമയത്ത് തയ്യാറാക്കിയ പ്രകടനപത്രികയിലെ കാര്യങ്ങള്‍ മാത്രമല്ല, ഉയര്‍ന്നുവരുന്ന പുതിയ പ്രശ്‌നങ്ങളില്‍ ജനപക്ഷവികസന കാഴ്ചപ്പാടില്‍ നിന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യുന്നു.

26 തൊഴില്‍വിഭാഗങ്ങളുടെ മിനിമംകൂലി വര്‍ദ്ധിപ്പിച്ചുകൊണ്ട് പുതുക്കി നിശ്ചയിച്ചു. തോട്ടംമേഖലയുടെ പുനരുദ്ധാരണത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ചു. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ക്ക് നിയമംഭേദഗതി ചെയ്ത് ഇരിപ്പിടം നല്‍കി.

‘നിയുക്തി’ ജോബ്‌ഫെയറിലൂടെ 9911 പേര്‍ക്ക് തൊഴില്‍ നല്‍കി. കുറഞ്ഞവേതനക്കാരായ തൊഴിലാളികള്‍ക്കായി രണ്ട് കിടപ്പുമുറികളുള്ള ഫഌറ്റ് അടിമാലിയില്‍ പൂര്‍ത്തിയാക്കി. ഇതെല്ലാം കേന്ദ്രം വാഗ്ദാനങ്ങള്‍ മറക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതാണെന്ന് തെളിയിച്ച LDF സര്‍ക്കാര്‍ നടപടികളാണ്.

പത്തുലക്ഷത്തോളം അതിഥി തൊഴിലാളികള്‍ കേരളത്തില്‍ ജോലിചെയ്യുന്നുണ്ട്. അതില്‍ മൂന്നരലക്ഷത്തോളം പേര്‍ ഇതിനകം ‘ആവാസ് സമഗ്ര ഇന്‍ഷൂറന്‍സ്’ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവര്‍ക്കായി അപകടമരണ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം രണ്ടുലക്ഷവും 56 ആശുപത്രികളില്‍ 15000 രൂപവരെയുള്ള സൗജന്യചികിത്സയും നല്‍കിവരികയാണ്.

തിരുവനന്തപുരത്ത് തമ്പാനൂരിലും ഏറണാകുളത്ത് പെരുമ്പാവൂരിലും ‘ശ്രമിക്ബന്ധു’ എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫെസിലിറ്റേഷന്‍ സെന്റര്‍ അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമാണ്. പാര്‍പ്പിട സമുച്ചയത്തിന് പുറമേ കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലും കിനാലൂരിലും എറണാകുളം ജില്ലയിലെ കളമശ്ശേരിയിലും സമാനരീതിയിലുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.

തൊഴിലെടുക്കുന്നവരുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരനടപടികള്‍ സ്വീകരിച്ചത് മാത്രമല്ല, തൊഴിലെടുക്കാതെ കൂലിവാങ്ങുന്ന, തൊഴിലാളിവര്‍ഗത്തിന് അപമാനമുണ്ടാക്കുന്ന സമ്പ്രദായം കര്‍ശനമായ നടപടികളിലൂടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. അട്ടിമറിക്കൂലിയല്ല അദ്ധ്വാനത്തിന്റെ വിലയാണ് തൊഴിലാളികള്‍ക്ക് വേണ്ടത്. ശാന്തമായ ഈ തൊഴില്‍ അന്തരീക്ഷം നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതില്‍ പങ്കുവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News