കേന്ദ്രം കേരളത്തിന്റെ വളര്‍ച്ച തടസപ്പെടുത്തുകയാണെന്ന് കോടിയേരി; വാഗ്ദാനം ചെയ്ത പദ്ധതികള്‍ നല്‍കുന്നില്ല

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വളര്‍ച്ച തടസപ്പെടുത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തിന് വാഗ്ദാനം ചെയ്ത പദ്ധതികള്‍ നല്‍കാതിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. പാലക്കാട്ടെ കഞ്ചിക്കോട് കോച്ച് ഫാക്ടറിയും എയിംസും ഐഐടിയും കേന്ദ്രത്തിന്റെ അവഗണനയുടെ ഉദാഹരണമാണ്. ഓഖി ദുരിതാശ്വാസത്തിന് 2000 കോടി ആവശ്യപ്പെട്ടപ്പോള്‍ തന്നത് 111 കോടിമാത്രമാണ്.

പ്രളയ ദുരിതാശ്വാസത്തിന്റെ കാര്യത്തിലും കേന്ദ്രം സ്വീകരിച്ചത് ഇതേ സമീപനമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിദേശമലയാളികള്‍ പിരിച്ച പണം വാങ്ങാന്‍ പോകാന്‍ പോലും വിസ നിഷേധിച്ച സര്‍ക്കാറാണ് കേന്ദ്രത്തിലുള്ളതെന്നും കേരള സംരക്ഷണ യാത്രയുടെ ഭാഗമായി കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച തീരുമാനങ്ങള്‍ കേരളത്തെ പ്രതികൂലമായി ബാധിച്ചു. നോട്ടു നിരോധനത്തിലൂടെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചു. കേരളത്തില്‍ ആ സമയത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അല്ലായിരുന്നെങ്കില്‍ സഹകരണ മേഖല പൂര്‍ണമായും തകരുമായിരുന്നു.

ലോങ് മാര്‍ച്ച് അടക്കമുള്ള കര്‍ഷക രോഷത്തിന്റെ പശ്ചാത്തലത്തില്‍ അത് മറച്ചുപിടിക്കാനാണ് ഇലക്ഷന്‍ മുന്നില്‍ കണ്ട് പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആ പദ്ധതി കേരള സര്‍ക്കാര്‍ നടപ്പാക്കുന്നില്ല എന്ന പ്രചാരണം ശരിയല്ല.

കേന്ദ്ര പദ്ധതികളോട് നിസഹകരിക്കുന്ന ഒരു സമീപനവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ 6000 രൂപ ഒരു വര്‍ഷം കര്‍ഷകര്‍ക്ക് കൊടുക്കുമെന്ന് പറയുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ 14400 രൂപ വിതരണം ചെയ്യുന്നുണ്ട്.

1200 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം നീക്കിവെച്ചത്. 27 വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. വിള ഇന്‍ഷുറന്‍സ് പദ്ധതിക്കായി മാറ്റിവെച്ചത് 250 കോടിരൂപയാണ്. കര്‍ഷകര്‍ക്കായി ഏറ്റവും കൂടുതല്‍ തുകമാറ്റിവൈച്ചത് എല്‍ഡിഎഫ് ഗവണ്‍മെന്റാണ്.

ഇപ്പോള്‍ കോണ്‍ഗ്രസും ആര്‍എസ്എസ് നിലപാട് പിന്തുടരുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രസ്താവന.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം പണിയുമെന്നാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ റാവത്ത് പറയുന്നത്. ഇതില്‍ ലീഗിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here