തന്റെയും നടന്‍ ബാലയുടെയും പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടി പ്രതീക്ഷ ജി പ്രദീപ് രംഗത്ത്.

പ്രതീക്ഷയുടെ വാക്കുകള്‍ ഇങ്ങനെ:

സാഹചര്യം തീരെ മോശമായിരുന്നതിനാലാണ് ലൈവില്‍ വരാന്‍ വൈകിയത്. കുറച്ചു മുമ്പെ തന്നെ വരേണ്ടതായിരുന്നു ഞാന്‍. ആ ടി വി ഷോയില്‍ അതിഥിയായെത്തിയപ്പോള്‍ ബാലച്ചേട്ടന്റെ വലിയൊരു ഫാനാണെന്നാണ് ഞാന്‍ പറഞ്ഞത്. ഒരു സെലിബ്രിറ്റിയുടെ ഫാനാകുന്നത് തെറ്റാണോ? എനിക്കു തോന്നിയില്ല.

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ബാലയുടെ വലിയൊരു ആരാധികയാണ് ഞാന്‍. ആ സമയത്ത് പത്തനംതിട്ടയില്‍ ഒരു ഉദ്ഘാടനചടങ്ങിനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങിയിട്ടുണ്ട്.

അതിനു ശേഷം വര്‍ഷങ്ങള്‍ക്കു ശേഷം ഞാനിപ്പോള്‍ നടിയായി. ഒരു ചാറ്റ് ഷോ എന്ന നിലയ്ക്കാണ് ആ വേദിയില്‍ പണ്ട് ഓട്ടോഗ്രാഫ് കിട്ടിയ കഥകളൊക്കെ പറഞ്ഞത്. പിന്നീടൊരു കോമഡി ചാറ്റ് ഷോയില്‍ ബാലച്ചേട്ടനെ നേരില്‍ കാണാന്‍ കഴിഞ്ഞതും ഭാഗ്യമായാണ് കരുതുന്നത്.

അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യാനുമെല്ലാം അവസരം ലഭിച്ചു. ഏതൊരു ഫാനിനെയും പോലെ സന്തോഷമായി എനിക്കും. ആ രംഗങ്ങള്‍ വെച്ചാണ് ഇപ്പോള്‍ ചില യൂട്യൂബ് ചാനലുകള്‍ ഇല്ലാത്ത കഥകളുണ്ടാക്കുന്നത്.

അവതാരകയായ റിമിചേച്ചിയെ കുറിച്ചു പോലും എന്തെല്ലാം അപവാദങ്ങളാണ് പ്രചരിപ്പിക്കുന്നത്? എന്തെല്ലാം മോശം വാക്കുകളാണ് അവരെക്കുറിച്ച് പറഞ്ഞിരിക്കുന്നത്? എന്റെ പേരില്‍ ഇത്തരം അപവാദങ്ങള്‍ കേള്‍ക്കേണ്ടി വന്നു റിമിച്ചേച്ചിക്കും. ഒരുപാടു വിഷമം തോന്നി. ചാനലുകള്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം. മനുഷ്യരുടെ ജീവിതം വച്ചിട്ടല്ല, ലൈക്ക്സും കമന്റ്സും പണവും സമ്പാദിക്കേണ്ടത്.

ബാലച്ചേട്ടന്‍ വിവാഹമോചനത്തിനുള്ള കേസ് ഫയല്‍ ചെയ്യുന്നത് ജനുവരിയിലാണ്. കഴിഞ്ഞ ദിവസം അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അക്കാര്യം വെളിപ്പെടുത്തുന്നത്. എന്നാല്‍ എത്രനാള്‍ മുമ്പേ തന്നെ അദ്ദേഹം വിവാഹമോചിതാനാണെന്നുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി.

എന്റെ ജീവിതത്തെ ബാധിക്കരുതെന്ന കരുതലിന്റെ പുറത്താണ് അദ്ദേഹം തന്നെ ഫെയ്സ്ബുക്ക് ലൈവിലൂടെ വിവാഹമോചനത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. അതിനു ബാലച്ചേട്ടനോടു ഒരുപാടു നന്ദിയുണ്ട്. എന്നും ഞാന്‍ അദ്ദേഹത്തിന്റെ നല്ലൊരു ഫാനായിരിക്കും.