രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്; ലേല നടപടിയില്‍ അദാനി ഗ്രൂപ്പിന് മുന്‍ തൂക്കം; 30,000 കോടി വിലമതിക്കുന്ന തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് ലഭിക്കുന്നത് 50 വര്‍ഷത്തേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം അടക്കം ഉള്ള അഞ്ച് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. ഇന്ന് ദില്ലിയില്‍ നടന്ന ഫിനാന്‍ഷ്യല്‍ ബിഡില്‍ അദാനി ഗ്രൂപ്പ് മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതോടെയാണ് നടത്തിപ്പ് അവര്‍ക്ക് ലഭിക്കും എന്ന് ഉറപ്പായത്.

തിരുവനന്തപുരം വിമാനത്താവളത്തിന് വേണ്ടി ക്ലോസ്ഡ് ടെണ്ടറില്‍ 168 കോടി അദാനി ക്വാട്ട് ചെയ്തപ്പോള്‍ കേരള സര്‍ക്കാരിന്റെ കെഎസ്‌ഐഡിസിക്ക് വേണ്ടി ടിയാല്‍ 135 കോടി ക്വാട്ട് ചെയ്തു. മൂന്നാം സ്ഥാനത്ത് ഉളള ജി.എം.ആര്‍ ഗ്രൂപ്പ് 63 കോടി ക്വാട്ട് ചെയ്തു.

ഇതടക്കം അഞ്ച് വിമാനത്താവളങ്ങളിലും അദാനി ഗ്രൂപ്പ് ഒന്നാം സ്ഥനത്തെത്തി. അഹമ്മദബാദിന് വേണ്ടി 177 കോടിയും, ജയ്പ്പൂരിന് വേണ്ടി 174 കോടിയും, ലക്‌നൗ വിമാനത്താവളത്തിന് വേണ്ടി 171 കോടിയും, മംഗലാപുരത്തിന് വേണ്ടി 115 കോടി രൂപയും ആണ് അദാനി ഫിനാന്‍ഷ്യല്‍ ബിഡില്‍ ക്വാട്ട് ചെയ്തത്.

ഗുഹാവട്ടി എയര്‍പോര്‍ട്ടിന്റെ ലേല നടപടികള്‍ കോടതി തടഞ്ഞതിനാല്‍ പിന്നീടാവും ഫിനാന്‍ഷ്യല്‍ ബിഡ് നടക്കുക. 28ന് ഫിനാന്‍ഷ്യല്‍ ബിഡ് തുറക്കും. ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതിനാല്‍ അദാനിക്ക് തന്നെ അഞ്ച് വിമാനത്താവളങ്ങളും ലഭിക്കാനാണ് സാധ്യത. മോദി സര്‍ക്കാരിന്റെ കള്ളക്കളിയാണ് അദാനി ഫിനാന്‍ഷ്യല്‍ ബിഡില്‍ യോഗ്യത നേടാന്‍ കാരണം. 28നാണ് ബിഡ് തുറക്കുന്നത്. 50 വര്‍ഷത്തെക്കാണ് അദാനിക്ക് വിമാനത്താവളം ലഭിക്കുക.

വിമാനത്താവള നടത്തിപ്പില്‍ മുന്‍ പരിചയം ഉള്ള കമ്പനികള്‍ മാത്രമേ ടെക്ക്‌നിക്കല്‍ ബിഡില്‍ പങ്കെടുപ്പിക്കാവു എന്ന വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതാണ് അദാനിക്ക് ഒറ്റയടിക്ക് ഇത്രയും വിമാനത്താവളം ലഭിക്കാന്‍ കാരണം. കേരള സര്‍ക്കാരിന്റെ കമ്പനിയായ ടിയാല്‍ യോഗ്യത നേടാതിരിക്കാന്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ വ്യവസ്ഥ പത്ത് ശതമാനം ആയി നിജപെടുത്തിയതും അദാനിക്ക് നേട്ടമായി.

മംഗലാപുരം വിമാനത്താവളത്തിന് വേണ്ടി രംഗത്തുണ്ടായിരുന്ന കൊച്ചി വിമാനത്താവള കമ്പനിയും ബിഡില്‍ വെട്ടി നിരത്തപ്പെട്ടു. കെഎസ്‌ഐഡിസിക്ക് വേണ്ടി എംഡി ശര്‍മ്മിള മേരി ജോസഫ് ആണ് ദില്ലിയിലെ ടെണ്ടറില്‍ പങ്കെടുത്തത്.

അദാനി ഗ്രൂപ്പിന്റെ എവിയേഷന്‍ രംഗത്തെ പ്രഥമ സംരംഭത്തിന് 30000 കോടിയിലേറെ മതിപ്പ് വിലയുളള തിരുവനന്തപുരം വിമാനത്താവളം ലഭിക്കുന്നതോടെ കോടികളുടെ ലാഭം ആണ് ലഭിക്കുക. 170 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സഞ്ചിത ലാഭം.

നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട തോഴനാണ് അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ അദാനി ഗ്രൂപ്പിന്റെ സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തിലാണ് മോദി രാജ്യമെബാടുമായി പ്രചരണം നടത്തിയിരുന്നത്.

ഇതേ ഗ്രൂപ്പിന് ഒറ്റയടിക്ക് അഞ്ച് വിമാനത്താവളങ്ങള്‍ ലഭിക്കുന്നു എന്നത് മറ്റൊരു കൗതുകമാണ്. വിമാനത്താവളം സ്വകാര്യവല്‍കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഇടത് മുന്നണി കരിദിനം ആചരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വല്‍കരണം ഇതോടെ രാഷ്ട്രീയ വിഷയമായി ഉയര്‍ന്ന് വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here